ആദിവാസി മേഖലകളില്‍ കംപ്യൂട്ടറും ലാപ്‍ടോപ്പും എത്തിക്കും; വിതരണ ചുമതല കൈറ്റ്‍സിന്, ഉത്തരവിറങ്ങി

By Web TeamFirst Published Jun 25, 2021, 10:29 PM IST
Highlights

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ക്ലാസ് നടപ്പാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴും എസ്‍ടി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ ബുദ്ധിമുട്ട് നേരിടുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. 

തിരുവനന്തപുരം: ആദിവാസി മേഖലകളിലേക്ക് കംപ്യൂട്ടറും ലാപ്ടോപ്പും എത്തിക്കാൻ സർക്കാർ തീരുമാനം. സ്കൂളുകളിലുള്ള ഒരു ലക്ഷം കംപ്യൂട്ടറുകള്‍ തിരിച്ചെടുത്ത് നൽകാനാണ് ഉത്തരവ്. ഹൈടെക് പദ്ധതി പ്രകാരം നൽകിയ കംപ്യൂട്ടറുകളാണ് വിതരണം ചെയ്യുന്നത്. ഇതിനായി കൈറ്റ്സിനെ ചുമതലപ്പെടുത്തി. ആദിവാസി മേഖലകളിൽ ഡിജിറ്റൽ പഠന സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. 

പൊതുഇടങ്ങളിലായിരിക്കും കംപ്യൂട്ടര്‍ സ്ഥാപിക്കുക. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ക്ലാസ് നടപ്പാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴും എസ്‍ടി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ ബുദ്ധിമുട്ട് നേരിടുന്നതിനെക്കുറിച്ച് ഇ ക്ലാസിൽ ഹാജരുണ്ടോ വാർത്താ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. 

കൊവിഡിൽ പഠനം ഡിജിറ്റലായതോടെ സംസ്ഥാനത്ത് ആദിവാസി പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളിൽ പലരും പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയിലെത്തിയിരുന്നു. വയനാട് ആദിവാസി ഊരുകളിലെ കുട്ടികളിൽ 70 ശതമാനവും കഴിഞ്ഞ കൊല്ലം ഡിജിറ്റൽ ക്ലാസുകളിൽ പങ്കെടുത്തിട്ടില്ല. ഡിജിറ്റൽ സൗകര്യം ഇല്ലാത്തതും വീഡിയോ ക്ലാസുകളോടുള്ള താൽപര്യക്കുറവുമാണ് ഇവരെ ഇതില്‍ നിന്ന് അകറ്റുന്നത്. പഠനം പൂർണമായി ഉപേക്ഷിച്ച കുട്ടികളും ഊരുകളിലുണ്ട്. 

click me!