
കോഴിക്കോട്: മലബാറിലെ പ്ലസ് വൺ പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ പെൺകുട്ടികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നും കൊഴിഞ്ഞു പോകുന്നത് ഉൾപ്പെടെയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ആശങ്ക പങ്കുവെച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും. മലബാറിലെ പ്ലസ് വൺ പ്രതിസന്ധിയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക സംവാദ പരിപാടിയിൽ പ്രശ്നപരിഹാരത്തിനുള്ള നിരവധി നിർദേശങ്ങളും ഉയർന്നു.
മലബാറിലെ പ്ലസ് വൺ പ്രവേശന പ്രതിസന്ധിയുടെ നേർ അനുഭവസാക്ഷ്യങ്ങളിലൂടെ സഞ്ചരിച്ചും സ്ഥിതി വിവരണകണക്കുകളുടെ സമഗ്രചിത്രം നൽകിയും 'ഏഷ്യാനെറ്റ് ന്യൂസ്' കഴിഞ്ഞ അഞ്ചു ദിവസമായി സംപ്രേഷണം ചെയ്യുന്ന "ഒന്ന് വടക്കോട്ട് നോക്കണം സാർ" പരമ്പരയ്ക്ക് പിന്നാലെ മലപ്പുറത്തു നടന്ന സംവാദ പരിപാടിയിൽ ഉയർന്നത് കടുത്ത ആശങ്കകളും അടിയന്തര പ്രശ്ന പരിഹാരത്തിനുള്ള നിർദേശങ്ങളുമാണ്. സീറ്റ് വർധിപ്പിച്ചില്ലെങ്കിൽ പെൺകുട്ടികൾ പൊതുവിദ്യാഭ്യാസത്തിൽ നിന്നും കൊഴിഞ്ഞുപോകുന്ന പ്രവണതയുണ്ടാകുമെന്നും ഇപ്പോൾ തന്നെ അതുണ്ടെന്നും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ബാച്ചുകളുടെ അനുപാതത്തിൽ തെക്കും വടക്കുമുള്ള അന്തരം രൂക്ഷമാണെന്നും ഒരോ ക്ലാസിലും 65 കുട്ടികളെ കുത്തിനിറയ്ക്കുന്നത് പഠന നിലവാരത്തെ ബാധിക്കുമെന്നും രക്ഷിതാക്കളും സ്കൂൾ അധികൃതരും പ്രതികരിച്ചു. സ്ഥിരം ബാച്ചുകൾ അനുവദിക്കുക, കുട്ടികൾ കുറവുള്ള മധ്യ തെക്കൻ ജില്ലകളിലെ ബാച്ചുകൾ ആവശ്യക്കാർ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുക. സർക്കാർ ഹൈസ്കൂളുകളെ അപ്ഗ്രേഡ് ചെയ്യുക, താൽക്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്തുക തുടങ്ങിയ ശാശ്വത പരിഹാര മാർഗങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നും ആവശ്യമുയർന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള സംവാദപരിപാടി ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യും. ഹയർ സെക്കൻഡറിക്ക് പുറമേ ഉന്നതവിദ്യാഭ്യാസ രംഗത്ത് മലബാർ നേരിടുന്ന വിവേചനവും പരിപാടിയിൽ പങ്കെടുത്തവർ ഉന്നയിച്ചു.
https://www.youtube.com/watch?v=jl5T1XckCKM
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam