
കൊച്ചി: മഹാരാജാസ് കോളേജിലെ മാർക് ലിസ്റ്റ് വിവാദം റിപ്പോർട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമുയരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി വിമര്‍ശകര്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2016 മെയ് നാലിന് സിപിഎം നേതാവായ പിണറായി വിജയൻ നടത്തിയ ഫേസ്ബുക്ക് പ്രതികരണമാണ് ചര്‍ച്ചയാകുന്നത്.
സർക്കാരിന്‍റെ ദുർനടപ്പും കെടുകാര്യസ്ഥതയും മാധ്യമ പ്രവർത്തകരെ തല്ലിയൊതുക്കി മറച്ചു പിടിക്കാം എന്നത് ഉമ്മൻചാണ്ടിയുടെ വ്യാമോഹം മാത്രമാണ് എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്. ജിഷ കേസ് വലിയ ചര്‍ച്ചയായി നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പെരുവാമ്പൂര്‍ സന്ദര്‍ശിച്ച സമയത്തുണ്ടായ സംഭവങ്ങളെ തുടര്‍ന്നായിരുന്നു പിണറായി വിജയന്‍റെ വിമര്‍ശനം. ''ഭരണ കക്ഷിക്കാർ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുമ്പോൾ തടയാൻ ബാധ്യതപ്പെട്ട പൊലീസുകാർ അതിനു തയാറാകാതിരുന്നത്, മുഖ്യമന്ത്രിയുടെ ഇംഗിതം അതാണ് എന്നത് കൊണ്ടാണ്.
അനുകൂല മാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങളിൽ നിന്ന് സത്യം മൂടിവയ്ക്കാൻ കഴിയാത്തതിന്റെ നൈരാശ്യമാണ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചു നിശബ്ദരാക്കാം എന്ന ചിന്തയിലേക്കു നയിക്കുന്നത്'' - പിണറായി വിജയൻ കുറിച്ചു. അതേസമയം, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് കാമ്പസിൽ നിന്ന് വാർത്ത തത്സമയം റിപ്പോർട് ചെയ്ത അഖിലയടക്കുളളവരെ പ്രതിചേർത്തത്.
വിഷയത്തില്‍ കടുത്ത വിമര്‍ശനം ഉയരുമ്പോഴും അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ന്യായീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ - എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കും. മാധ്യമങ്ങളെയാകെ കുറ്റപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി, സര്‍ക്കാരിന്റെ മാധ്യമ പ്രവര്‍ത്തകക്കെതിരായ നീക്കത്തെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...