
കൊല്ലം:കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തിലാണ് നേതാക്കള്‍ക്ക് താക്കീതുമായി എംവി ഗോവിന്ദൻ രംഗത്തെത്തിയത് .നേതാവാണ് എല്ലാത്തിന്‍റെ അവസാന വാക്കെന്ന് ധരിക്കരുതെന്നായിരുന്നു സമാപന സമ്മേളനത്തിലെ എം.വി ഗോവിന്ദന്‍റെ മുന്നറിയിപ്പ്.
നേതാവാണ് എല്ലാത്തിന്‍റെ അവസാന വാക്കെന്ന് കരുതരുതെന്നും ജനങ്ങളാണ് അവസാന വാക്കെന്നും തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും എംവി ഗോവിന്ദൻ സമാപന സമ്മേളനത്തിൽ പറഞ്ഞു.കോൺഗ്രസ് നേതാക്കളെയും സമാപന സമ്മേളനത്തിൽ എംവി ഗോവിന്ദൻ പരിഹസിച്ചു. വി.ഡി സതീശൻ മുഖ്യമന്ത്രി കുപ്പായവും ഇട്ടിരിക്കുകയാണെന്നും ഒരാളല്ല കോൺഗ്രസിൽ കുപ്പായവും ഇട്ടിരിക്കുന്നതെന്നുമായിരുന്നു എംവി ഗോവിന്ദന്‍റെ പരിഹാസം. വി.ഡി സതീശൻ, ശശി തരൂർ, കെ.സുധാകരൻ, കെ.മുരളീധരൻ,കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിങ്ങനെ എല്ലാവരുമുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, കൊല്ലം ജില്ലാ സമ്മേളനത്തിൽ കരുനാഗപ്പള്ളിയിലെ വിഭാഗീയതിയിൽ നേതാക്കള്‍ക്കെതിരെ നടപടിയുമുണ്ടായി. പി.ആർ.വസന്തനടക്കം കരുനാഗപ്പള്ളിയിൽ നിന്നുള്ള നാല് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. എസ്.സുദേവനെ രണ്ടാമതും കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.പാർട്ടിയെ ഒന്നാകെ നാണംകെടുത്തിയ കരുനാഗപ്പള്ളിയിലെ തമ്മിലടിയിൽ രൂക്ഷ വിമർശനമാണ് സിപിഎം ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. പ്രശ്നം പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തലുണ്ടായി. കരുനാഗപ്പള്ളിയിൽ നിന്ന് ഒരാളെ പോലും പുതിയ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താതെയാണ് വിഭാഗീയതയ്ക്ക് ജില്ലാ സമ്മേളനം മറുപടി കൊടുത്തത്.
ജില്ലാ കമ്മിറ്റി അംഗം പി.ആർ വസന്തനും സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയും തമ്മിലുള്ള ചേരിപ്പോരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നായിരുന്നു വിമർശനം. കരുനാഗപ്പള്ളിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളായ പിആർ വസന്തൻ, പി.കെ ബാലചന്ദ്രൻ, സി.രാധാമണി, ബി. ഗോപൻ എന്നീ നാല് നേതാക്കളെയും പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
കൊട്ടിയം ധവളക്കുഴിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനം എസ്.സുദേവനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കരുനാഗപ്പള്ളി വിഷയത്തിൽ അടക്കം നേതൃത്വത്തിന് എതിരെ വിമർശനം ഉയർന്നെങ്കിലും സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന ജില്ലയിൽ സെക്രട്ടറിയെ മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
പാർട്ടിയെകൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് എസ്.സുദേവൻ പറഞ്ഞു.46 അംഗ ജില്ലാ കമ്മിറ്റിയിൽ 4 പുതുമുഖങ്ങൾ ഉൾപ്പടെ 44 പേരെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി എന്നിവർ അടക്കം 9 പേരെ ഒഴിവാക്കി. 2 ഒഴിവിലേക്ക് പിന്നീട് അംഗങ്ങളെ നിശ്ചയിക്കും.
പനയമ്പാടം അപകടത്തിന് കാരണം മറ്റൊരു ലോറി; സിമന്‍റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുവെന്ന് ആർടിഒ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam