
കോട്ടയം: ഉപതെരഞ്ഞെടുപ്പുകൾ അവസാനിച്ചതോടെ കേരള കോൺഗ്രസിലെ അധികാരത്തർക്കം വീണ്ടും മുറുകുന്നു. പാലായിൽ ജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥിയെ നിർത്തി തോൽവി ഏറ്റുവാങ്ങുകയായിരുന്നുവെന്ന് പി ജെ ജോസഫ് തുറന്നടിച്ചു. പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കണമെന്ന് കാണിച്ച് ജോസ് പക്ഷത്തെ എംൽഎമാർക്ക് ജോസഫ് കത്തും നൽകി.
പാലായ്ക്ക് പിന്നാലെ അഞ്ച് ഉപതെരഞ്ഞെടുപ്പുകൾ കൂടി വന്നതോടെ യുഡിഎഫിന്‍റെ വിജയസാധ്യത കണക്കിലെടുത്ത് കേരള കോൺഗ്രസിലെ പരസ്യ വിഴുപ്പലക്കലിന് ഇരുപക്ഷവും ഇടവേള നൽകിയിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ അവസാനിപ്പിച്ചതോടെ പാർട്ടി പിടിക്കാനുള്ള ശ്രമങ്ങൾ ജോസഫ് - ജോസ് പക്ഷം വീണ്ടും സജീവമാക്കി.
പാലയിൽ പരാജയപ്പെട്ടതോടെ നിയമസഭയിൽ ജോസ് കെ മാണി പക്ഷത്തിന്‍റെ അംഗബലം രണ്ട് എംൽഎമാരായി കുറഞ്ഞു. ഇതോടെ മൂന്ന് എംഎൽഎമാരുള്ള ജോസഫ് വിഭാഗം ഉടൻ പാർലമെന്‍ററി പാർട്ടി യോഗം വിളിച്ച് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കണമെന്ന നിലപാടിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടി വർക്കിംഗ് ചെയർമാനായ പി ജെ ജോസഫ് നാല് എംഎൽഎമാർക്കും കത്ത് നൽകി.
എന്നാൽ ചെയർമാൻ സ്ഥാനം സംബന്ധിച്ച് കട്ടപ്പന സബ്കോടതിയിൽ നിലനിൽക്കുന്ന കേസ് ചൂണ്ടിക്കാട്ടി ജോസ് പക്ഷത്തെ എംഎൽഎമാർ ഇതിനെ എതിർത്തു. പിന്നാലെ നവംബർ ഒന്നിലേക്ക് യോഗം മാറ്റിയെന്ന് ജോസഫ് അറിയിച്ചു. ചെയർമാൻ സ്ഥാനം സംബന്ധിച്ച കേസിൽ ഒക്ടോബർ 31നാണ് വിധി. വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam