ഫണ്ട് തിരിമറിയിൽ എംഇഎസിൽ പൊട്ടിത്തെറി: ഫസൽ ഗഫൂർ രാജിവയ്ക്കണമെന്ന് സെക്രട്ടറി

By Web TeamFirst Published Oct 22, 2020, 12:49 PM IST
Highlights

എംഇഎസിൻ്റെ പൊതുഫണ്ടിൽ നിന്നും 3.81 കോടി രൂപ തിരിമറി നടത്തിയെന്ന പരാതിയിലാണ് ഡോ.ഫസൽ ഗഫൂറിനും പ്രൊഫ. ലബ്ബയ്ക്കും എതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. 

കോഴിക്കോട്: ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ഡോ.ഫസൽ ഗഫൂറിൻ്റെ രാജി ആവശ്യപ്പെട്ട് എംഇഎസിലെ (മുസ്ലീം എജ്യുക്കേഷൻ സൊസൈറ്റി) ഒരു വിഭാഗം രംഗത്തെത്തി. 

അഴിമതിയിൽ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ എംഇഎസ് പ്രസിഡൻ്റ ഫസൽ ഗഫൂറും ജനറൽ സെക്രട്ടറി പ്രൊഫ.പി.ഒ.ജെ. ലബ്ബയും രാജി വയ്ക്കണമെന്ന് എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഡോ.എൻ.എം. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. എംഇഎസിനകത്ത് ജനാധിപത്യം കുറഞ്ഞു വരുന്ന അവസ്ഥായണുള്ളതെന്നും മുജീബ് റഹ്മാൻ ആരോപിച്ചു. 

എംഇഎസിൻ്റെ പൊതുഫണ്ടിൽ നിന്നും 3.81 കോടി രൂപ തിരിമറി നടത്തിയെന്ന പരാതിയിലാണ് ഡോ.ഫസൽ ഗഫൂറിനും പ്രൊഫ. ലബ്ബയ്ക്കും എതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. എംഇഎസ് അംഗം നവാസാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ സംഘടന വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയ ആളാണ് പരാതി നൽകിയതെന്നും പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഫസൽ ഗഫൂർ ഇന്നലെ പ്രതികരിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി തന്നെ ആരോപണവുമായി വന്ന സാഹചര്യത്തിൽ വിശദീകരണം നൽകാൻ അദ്ദേഹം ഇന്ന് വാർത്താസമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. 

ഫസല്‍ ഗഫൂറും മറ്റ് ചില ഭാരവാഹികളും ചേര്‍ന്ന് എംഇഎസിന് വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമെടുക്കുന്നതിന്‍റെ പേരില്‍ 3.81 കോടി രൂപ തിരിമറി നടത്തി എന്നാണ് നവാസിന്‍റെ പരാതി.  പുതിയ ഓഫീസ് മന്ദിരവും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും നിര്‍മിക്കാനെന്ന പേരില്‍ സ്ഥലം വാങ്ങുകയും വില്‍പന നടത്തുകയും ചെയ്ത് എംഇഎസിന്‍റെ പണം വകമാറ്റി ചെലവഴിച്ചു എന്ന് പരാതിക്കാരന്‍ പറയുന്നു. 

ഫസല്‍ ഗഫൂറിന്‍റെ മകന്‍ മാനേജിംഗ് ഡയറക്ടറായ കമ്പനിക്ക് എംഇഎസിന്‍റെ ഫണ്ട് ചട്ടം ലംഘിച്ച് കൈമാറിയെന്ന് പരാതിയിൽ ആരോപിക്കുന്നു. കൂടാതെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് എംഇഎസിന്‍റെ തുക കൈമാറിയതിന്‍റെ പാരിതോഷികമായി ഫസല്‍ ഗഫൂറിന് ഭൂമി കിട്ടിയതായും പരാതിയിലുണ്ട്. 

പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നേരത്തെ പൊലീസ് തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി കേസെടുക്കാൻ നിർദേശിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഫസൽ ഗഫൂറിനെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ പരാതി കെട്ടിച്ചമച്ചതാണമെന്നും എംഇഎസ്സിന് വേണ്ടി കെട്ടിടം പണിയാന്‍ ഭൂമി വാങ്ങാനാണ് പണം ഉപയോഗിച്ചതെന്നുമാണ് ഫസല്‍ഗഫൂറിന്‍റെ വിശദീകരണം.

click me!