ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി തേടി കേരളം

By Asianet MalayalamFirst Published Oct 22, 2020, 11:54 AM IST
Highlights

സംസ്ഥാന വ്യപകമായി കാട്ടുപന്നികളെ കൊല്ലാനാവില്ലെന്നും എന്നാൽ കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലകളെ ക്ലസ്റ്ററായി തിരിച്ച് അവയെ ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. 
 

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ ശല്യക്കാരനായ മൃഗമായി പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ ഇതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി സംസ്ഥാന സർക്കാർ തേടിയതായി വനംവകുപ്പ് മന്ത്രി കെ.രാജു അറിയിച്ചു.

വന്യജീവി സംരക്ഷണനിയമത്തെ തുടർന്ന് കാട്ടുപന്നികളെ വധിക്കാൻ സാധിക്കാത്ത അവസ്ഥ ദീർഘകാലമായിട്ടുണ്ടായിരുന്നുവെന്നും ഇതേ തുടർന്ന് വൻതോതിൽ കാട്ടുപന്നികൾ സംസ്ഥാനത്തെ വനമേഖലകളിൽ പെറ്റുപെരുകിയെന്നും മന്ത്രി കെ രാജു പറയുന്നു. നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികൾ വൻതോതിൽ കൃഷിയും കാർഷികവിളകളും നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് നാട്ടിലിറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനംവകുപ്പ് അനുമതി നൽകിയത്. 

ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി കാട്ടുപന്നികളെ കൊന്നെങ്കിലും അവയുടെ എണ്ണത്തിൽ ഒരു തരത്തിലുള്ള കുറവും ഇതുമൂലം ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമായതെന്നും ഈ സാഹചര്യത്തിലാണ് ശല്യകാരായ മൃഗമായി പ്രഖ്യാപിച്ച് കാട്ടുപന്നികളെ വ്യാപകമായി നശിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വ്യപകമായി കാട്ടുപന്നികളെ കൊല്ലാനാവില്ലെന്നും എന്നാൽ കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലകളെ ക്ലസ്റ്ററായി തിരിച്ച് അവയെ ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. 

വനംമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് -

കാട്ടുപന്നിയെ വെർമിൻ ആക്കാൻ കേന്ദ്ര അനുമതി തേടാൻ ഉത്തരവായി.

കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ ആയി പ്രഖ്യാപിച്ചു കൂട്ടത്തോടെ നശിപ്പിക്കാൻ വേണ്ട നടപടിക്ക് സർക്കാർ ഉത്തരവ് നൽകി. കേരളത്തിലെ വനമേഖലക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ വളരെ കർക്കശമായതിനാൽ വലിയ തോതിൽ പെറ്റുപെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു  ശല്യം കുറക്കാൻ വനം വകുപ്പിനായില്ല.

ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യം ഉള്ള മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ ഈ സർക്കാർ അനുമതി നൽകി ഉത്തരവായത്. ആ ഉത്തരവ് ഇപ്പോൾ നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു. എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവ് കാണാത്തതിനാലാണ് അവയെ വെർമിൻ (ശല്യകാരനായ മൃഗം) ആയി പ്രഖ്യാപിക്കാൻ ഈ സർക്കാർ ആലോചിച്ചത്. 

അങ്ങനെ പ്രഖ്യാപിക്കപ്പെട്ടാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വനം വകുപ്പിന് സാധിക്കും. പക്ഷെ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അത് തേടുന്നതിന് നേരത്തെ നിർദേശം നൽകിയെങ്കിലും അതിന് ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനം മൊത്തമായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകൾ, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ ആവൃത്തി തുടങ്ങി വിശദ വിവരങ്ങൾ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോൾ  ക്ലസ്റ്റർ അടിസ്ഥാനത്തിൽ അനുമതി ലഭിക്കും. ഇപ്പോൾ അതെല്ലാം ശരിയാക്കി കേന്ദ്രത്തിന് അയക്കാൻ ഉത്തരവ് നൽകി. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടു പന്നി ആക്രമണം പൂർണമായും നിയന്ത്രിക്കാൻ കഴിയും.
 

click me!