
ആലപ്പുഴ: സിഐടിയു യൂണിയനും കരാറുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് പട്ടണക്കാട് മിൽമ ഫാക്ടറിയിൽ നിന്നുള്ള കാലിത്തീറ്റ നീക്കം നിലച്ചു. ഫാക്ടറിയിൽ നിന്ന് ലോഡ് പുറത്തേക്ക് പോയിട്ട് ഒമ്പത് ദിവസമായി. ഇതോടെ തെക്കൻ ജില്ലകളിൽ ലോക്ഡൗൺ കാലത്ത് കാലിത്തീറ്റ ക്ഷാമം രൂക്ഷമാണ്. പട്ടണക്കാട് ഫാക്ടറിയിൽ നിന്നുള്ള കാലിത്തീറ്റ വിതരണത്തിനായി നിലവിൽ നാല് കരാറുകാരാണ് ഉള്ളത്. കിലോമീറ്റർ നിരക്കിൽ വിതരണജോലി എടുക്കുന്ന കരാറുകാർ പകുതി ലോഡ് സിഐടിയു തൊഴിലാളികളുടെ ലോറികൾക്ക് നൽകുകയാണ് പതിവ്.
ടണ്ണേജ് നിരക്കിൽ കരാർ എടുത്ത പുതിയ കരാറുകാരൻ പക്ഷെ നിരക്ക് കൂടുതൽ ചോദിക്കുന്നുവെന്ന കാരണം പറഞ്ഞ് ഈ വ്യവസ്ഥ പാലിക്കുന്നില്ല. ഇതിൽ പ്രകോപിതരായ സിഐടിയു നേതാക്കളും പ്രവർത്തകരും കാലിത്തീറ്റ നിക്കം തടഞ്ഞു. പുറത്തു നിന്ന് ലോഡ് കയറ്റാൻ വന്ന ലോറികൾ തടഞ്ഞ് കൊടികെട്ടി. വാഹനങ്ങളുടെ ടയർ കുത്തിപ്പൊട്ടിച്ചതായി പരാതിയുണ്ട്. ഫാക്ടറിക്കകത്തെ ഐഎന്‍റ്റിയുസി, ബിഎംഎസ് ചുമട്ട് തൊഴിലാളികളും പുതിയ കരാറുകാർക്ക് ഒപ്പമാണ്.
എന്നാൽ കാലിത്തീറ്റ വിതരണം സ്തംഭിച്ചതിനു കാരണം മാനേജ്മെന്‍റ് ആണെന്നാണ് സിഐടിയുവിന്‍റെ ആരോപണം. അഞ്ച് ദിവസം മുൻപ് പാസ് ലഭിച്ച യൂണിയൻ തൊഴിലാളികളുടെ ലോറികളിൽ ലോഡ് കയറ്റാൻ തയാറാകാത്തത് എന്തുകൊണ്ടാണെന്നും നേതാക്കൾ ചോദിക്കുന്നു. കാലിത്തീറ്റ കൊണ്ടുപോകാൻ സംരക്ഷണം നൽകണമെന്ന് ഹൈകോടതി ഉത്തരവുണ്ട്. പൊലീസ് കാവലുണ്ടെങ്കിലും യൂണിയൻ എതിർപ്പിൽ തട്ടി കാലിത്തീറ്റ നീക്കം തുടങ്ങാനാകുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam