
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം. ലഹരിക്കേസിൽ ആരോപണ വിധേയനായ ഷാനവാസിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച് നടന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ദിവസങ്ങളായി അവിടെ പ്രതിഷേധം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം ബഹളത്തിലാണ് കലാശിച്ചത്. പൊലീസെത്തി ആളുകളെ അറസ്റ്റ് ചെയ്ത് നീക്കുന്ന സാഹചര്യമുണ്ടായിരുന്നു.
ഇന്ന് ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയുണ്ട്. മെഡിക്കൽ കോളേജിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇതുകൂടി മുന്നിൽ കണ്ടുകൊണ്ടാണ് യൂത്ത് കോൺഗ്രസ് ഷാനവാസിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. അഞ്ച് മിനിറ്റോളം സമരക്കാർക്കെതിരെ പൊലീസ് ജലപീരങ്കി ജലപീരങ്കി പ്രയോഗിച്ചു. പക്ഷേ യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകരടക്കം പിൻമാറാൻ തയ്യാറായില്ല.
ജനുവരി രണ്ടാം വാരമാണ് സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരിവസ്തുക്കള്‍ കടത്തിയത്. കരുനാഗപ്പള്ളിയിൽ വച്ചാണ് രണ്ട് ലോറികളിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കൾ പിടികൂടുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനത്തിന്റെ ഉടമ സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗവും നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എ ഷാനവാസാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇടുക്കി സ്വദേശിയായ പുത്തൻ പുരയ്ക്കൽ ജയൻ എന്നയാൾക്ക് താൻ വാഹനം വാടകയ്ക്ക് നൽകിയതാണെന്നും ലഹരി കടത്തിൽ തനിക്ക് പങ്കില്ലെന്നുമായിരുന്നു ഷാനവാസ് നല്‍കിയ വിശദീകരണം. ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളില്‍ രണ്ട് പേര് സിപിഎം പ്രാദേശിക നേതാക്കളായതും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam