
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റിനെ ചൊല്ലി ബിഡിജെഎസിൽ ആശയക്കുഴപ്പം. അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്ന നിലപാടിലാണ് ബിഡിജെഎസിലെ ഒരു വിഭാഗം നേതാക്കൾ. എന്നാൽ നേരത്തെ മത്സരിച്ച അരൂർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി.
ബിഡിജെഎസിന് ഭേദപ്പെട്ട സംഘടനാസംവിധാനമുള്ള മണ്ഡലമാണ് അരൂർ. എന്നാൽ മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങൾ പാർട്ടിക്ക് പ്രതികൂലമാണെന്നാണ് ബിഡിജെഎസിന്‍റെ വിലയിരുത്തല്‍. എസ്എൻഡിപിയുടെ പിന്തുണയില്ലാത്തതുതന്നെയാണ് പ്രധാന കാരണം. അങ്ങനെയെങ്കിൽ അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്നാണ് സംസ്ഥാന കൗൺസിലിൽ വന്ന നിർദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കോന്നി മണ്ഡലത്തിൽ കാര്യമായി വോട്ട് വർധിച്ചിരുന്നു. സാമുദായിക ഘടകങ്ങൾ അരൂരിനെക്കാൾ അനുകൂലം കോന്നിയിലാണെന്നും ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അടുത്ത ദിവസങ്ങളിൽ ബിജെപിയുമായുള്ള ഉഭയകക്ഷിചർച്ചകളിൽ സീറ്റ് സംബന്ധിച്ച അന്തിമധാരണയുണ്ടാകും. എന്നാൽ അരൂർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകാൻ ബിജെപി ഒരുക്കമല്ല. തുഷാർ തന്നെ മത്സരിക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ മുന്നോട്ടുവച്ചിരുന്നു. വട്ടിയൂർക്കാവ് പോലെ മുതിർന്ന നേതാക്കളെ രംഗത്ത് ഇറക്കാൻ ബിജെപി ലക്ഷ്യമിടുന്ന മണ്ഡലം കൂടിയാണ് കോന്നി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam