കൊവിഡ് പ്രതിരോധത്തിൽ ആശയക്കുഴപ്പം;ട്വന്റി 20ക്കെതിരെ പി വി ശ്രീനിജൻ; ആക്ഷേപം തള്ളി പഞ്ചായത്ത് പ്രസിഡന്റുമാർ

By Web TeamFirst Published May 13, 2021, 9:21 AM IST
Highlights

മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിൽ ട്വന്‍റി ട്വന്‍റി ഭരിക്കുന്ന നാല് പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാർ പങ്കെടുത്തില്ലെന്ന് നിയുക്ത എം എൽ എ പി വി ശ്രീനിജൻ ആരോപിച്ചു. അതേസമയം എംഎൽഎ വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തത് മനപൂർവ്വമല്ലെന്നും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട തിരക്കാണ് കാരണമായതെന്നും ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകൾ പ്രതികരിച്ചു.

കൊച്ചി: എറണാകുളം ജില്ലയിൽ ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആശയക്കുഴപ്പമെന്ന് ആക്ഷേപം. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിൽ ട്വന്‍റി ട്വന്‍റി ഭരിക്കുന്ന നാല് പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാർ പങ്കെടുത്തില്ലെന്ന് നിയുക്ത എം എൽ എ പി വി ശ്രീനിജൻ ആരോപിച്ചു. അതേസമയം എംഎൽഎ വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തത് മനപൂർവ്വമല്ലെന്നും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട തിരക്കാണ് കാരണമായതെന്നും ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകൾ പ്രതികരിച്ചു. ഇതിനിടെ, വീട്ടിലെ തൊഴുത്തിൽകിടന്ന് കൊവിഡ് രോഗി മരിച്ചെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾ തള്ളി കിഴക്കമ്പലം പഞ്ചായത്ത് രംഗത്തെത്തി. 

കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് വാർഡിലെ നന്താട്ടിൽ  ശശിയുടെ മരണമാണ് ചർച്ചയാകുന്നത്.കഴിഞ്ഞ ഏപ്രിൽ 26നാണ് കൂലിപ്പണിക്കാരനായ ശശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീടിനോട് ചേർന്ന് വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന തൊഴുത്തിൽ തുടർന്നുള്ള രണ്ട് ദിവസം ശശിക്ക് കിടക്കേണ്ടി വന്നു. വീട്ടിൽ  3 വയസ്സുള്ള കുഞ്ഞും,പ്രായമായ അമ്മയുടെയും സുരക്ഷിതത്വം കരുതിയായിരുന്നു ശശി ഇങ്ങനെ ചെയ്തത്.എന്നാൽ കൊവിഡ് രോഗിക്ക് ആദ്യഘട്ടത്തിൽ ചികിത്സ ഉറപ്പാക്കാനുള്ള ആശ പ്രവർത്തകയുടെ അസാന്നിദ്ധ്യമാണ് സംഭവത്തിന് കാരണമെന്ന് പി വി ശ്രീനിജൻ ആരോപിച്ചു.കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റായി ചുമതല വഹിക്കുന്ന മിനി രതീഷാണ് ഈ വാർഡിലെ ആശ പ്രവർത്തക..

എന്നാൽ ഈ ആരോപണം പൂർണ്ണമായി തള്ളുകയാണ് കിഴക്കമ്പലം പഞ്ചായത്ത്. ശശി പൊസിറ്റീവായതിന്‍റെ പിറ്റേ ദിവസം ആരോഗ്യവകുപ്പ് മരുന്ന് എത്തിച്ചു. കാര്യമായ ലക്ഷണങ്ങളില്ലാത്തതിനാൽ എഫ്എൽടിസിയിലേക്ക് മാറേണ്ട സാഹചര്യമുണ്ടായില്ല. എന്നാൽ 29ആം തിയതി  ആരോഗ്യവിഭാഗം ശശിയുടെ രോഗാവസ്ഥയിൽ ആശങ്ക അറിയിച്ചതോടെ തൃപ്പൂണിത്തുറയിലെ എഫ്എൽടിസിയിലേക്ക് മാറ്റി,അവിടെ നിന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കും.മെയ് 2മുതൽ കൊച്ചി അമൃത ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് വെന്‍റിലേറ്ററിൽ തുടരുന്നതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ശശി മരിച്ചത്.ആദ്യ ദിവസം മുതൽ ദിവസവും രോഗിയുടെ കാര്യം അന്വേഷിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപെ ആശ പ്രവർത്തകയായി തുടരാൻ കഴിയില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. ഭക്ഷണവും,മരുന്നും എത്തിക്കുന്നതിന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് വാർഡ് മെമ്പറും അറിയിച്ചു. കൂടുതൽ പരാതികളില്ലെന്ന് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ള ശശിയുടെ കുടുംബവും പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!