'മരിച്ച മാവോയിസ്റ്റുകൾ ആരെന്നെങ്കിലും അറിയാമോ?' സർക്കാരിന് എതിരെ മനുഷ്യാവകാശ പ്രവർത്തകർ

By Web TeamFirst Published Nov 2, 2019, 8:03 AM IST
Highlights

മരിച്ചതാരെന്ന കാര്യത്തിൽ പൊലീസിനോ തണ്ടർ ബോൾട്ടിനോ വ്യക്തതയില്ല. പരിക്കേറ്റ് ചികിത്സയിലുള്ള മാവോയിസ്റ്റുകളിൽ നിന്ന് ഇക്കാര്യത്തിൽ വിശദീകരണം തേടാനും പൊലീസിനായിട്ടില്ല. മാവോയിസ്റ്റ് സംഘടനകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്താനും തയ്യാറായിട്ടില്ല. 

തൃശ്ശൂർ: പാലക്കാട് അട്ടപ്പാടിയ്ക്ക് അടുത്ത് മേലേ മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാതെ ബന്ധുക്കൾ. മരിച്ച മണിവാസകത്തിന്‍റെ മൃതദേഹം മാത്രമാണിപ്പോൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുള്ളത്. മൃതദേഹത്തിൽ കണ്ണുകളില്ലെന്നും, പരസ്പരമുള്ള വെടിവെപ്പിലല്ല, പൊലീസ് വെടിവെച്ച് കൊന്നതാണിവരെയെന്നും മൃതദേഹം കണ്ട ബന്ധുക്കൾ ആരോപിച്ചിരുന്നതാണ്. 

ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിലുള്ള അനിശ്ചിതത്വം തീർക്കാൻ മാവോയിസ്റ്റ് സംഘടനകളും സർക്കാരും തയ്യാറാകണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു. ബന്ധുക്കളുടെ മാനസിക ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കരുതെന്നും കൊല്ലപ്പെട്ടവരുടെ വിവരം കൃത്യമായി പങ്കുവയ്ക്കണമെന്നുമാണ് ഇവർ പറയുന്നത്.

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ തമിഴ്നാട് സ്വദേശി മണിവാസകത്തിന്റെ മൃതദേഹം മാത്രമാണ് തർക്കമില്ലാതെ തിരിച്ചറിഞ്ഞത്. രണ്ട് മൃതദേഹങ്ങൾ ഇനിയും ബന്ധുക്കൾ തിരിച്ചറിയാനുണ്ട്. അരവിന്ദ് എന്ന പേരിൽ ഫോട്ടോ പ്രസിദ്ധീകരിച്ച് മോർച്ചറിയിൽ പൊലീസ് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചിക്കമംഗളൂർ സ്വദേശി സുരേഷിന്റെയാണെന്ന് കരുതി കഴി‌ഞ്ഞ ദിവസം ഇയാളുടെ ബന്ധുക്കൾ തൃശ്ശൂരിൽ എത്തിയിരുന്നു. പക്ഷേ തിരിച്ചറിയാനായില്ല. 

പൊലീസ് കാർത്തി എന്ന് കാണിച്ച് സൂക്ഷിച്ചിരുന്ന മൃതദേഹമാണ് സുരേഷിന്‍റേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ആരാണ് കൊല്ലപ്പെട്ടതെന്ന് മാവോയിസ്റ്റ് സംഘടനകളോ സർക്കാരോ വ്യക്തമാക്കിയാൽ ഈ ആശയക്കുഴപ്പം ഒഴിവാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

സുരേഷിന്‍റേതെന്ന് ഇപ്പോൾ ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃതദേഹം കഴിഞ്ഞ ദിവസം കാർത്തിയുടെ സഹോദരൻ മുരുകേശ് കണ്ടിരുന്നു. ഇത് കാർത്തിയാണെന്ന് തോന്നുന്നെന്നാണ് മുരുകേശ് പറഞ്ഞത്. ആരാണ് മരിച്ചതെന്ന കാര്യത്തിൽ ബന്ധുക്കൾക്കിടയിൽ തന്നെ ആശയക്കുഴപ്പം നിലനിൽക്കുന്നു. 

''അങ്ങേയറ്റം ജനാധിപത്യപരമായ മിനിമം മര്യാദയാണിത്. മരിച്ചവരുടെയും ബന്ധുക്കളുടെയും അവകാശമാണിത്'', പോരാട്ടം പ്രവർത്തകൻ ഷാന്‍റോ ലാൽ പറയുന്നു. 

പല ബന്ധുക്കളും വർഷങ്ങളോളം മാവോയിസ്റ്റുകളെ കണ്ടിട്ടില്ല. ഇവർക്ക് മൃതദേഹം തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. സുരേഷിന്റെ മൃതദേഹം തിരിച്ചറിയാൻ 20 വർഷം മുൻപ് മാത്രം കണ്ട ബന്ധുക്കളാണ് എത്തിയത്. കൂട്ടത്തിൽ നിന്നും നഷ്ടപ്പെട്ടവരെ സംഘടനകൾ തന്നെ വ്യക്തമാക്കിയാൽ ആശയക്കുഴപ്പം തീരുമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്.

ബന്ധുക്കളുടെ പരാതി കോടതിയിൽ

ഇതിനിടെ, അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കൾ നൽകിയ പരാതി ഇന്ന് പാലക്കാട് ജില്ലാ കോടതി വീണ്ടും പരിഗണിക്കും. ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ അന്വേഷണ നടപടി ക്രമങ്ങളെക്കുറിച്ച് 2016ൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇക്കാര്യത്തിൽ ഇന്ന് അന്വേഷണ സംഘത്തോട് വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ ചുമതലയുളള ക്രൈം ബ്രാഞ്ച് സംഘം കോടതിയിൽ തെളിവുകൾ ഹാജരാക്കും.

ഇൻക്വസ്റ്റോ, പോസ്റ്റ്‍മോർട്ടമോ പോലും അറിയിച്ചില്ലെന്നും ബന്ധുക്കളുടെ പരാതിയിലുണ്ട്. തിങ്കളാഴ്ച വരെ മൃതദേഹം സംസ്കരിക്കരുതെന്ന് കോടതി കഴി‍ഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മരിച്ച മാവോയിസ്റ്റുകളുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിക്ക് ഇന്ന് കൈമാറിയേക്കും.

click me!