മുല്ലപ്പള്ളി വാളയാറിൽ മരിച്ച പെൺകുട്ടികളുടെ വീട്ടിലേക്ക്, ബിജെപി സത്യഗ്രഹം ഇന്ന് തീരും

Published : Nov 02, 2019, 06:31 AM IST
മുല്ലപ്പള്ളി വാളയാറിൽ മരിച്ച പെൺകുട്ടികളുടെ വീട്ടിലേക്ക്, ബിജെപി സത്യഗ്രഹം ഇന്ന് തീരും

Synopsis

വാളയാർ കേസ് അന്വേഷിക്കുന്നതിൽ പൊലീസിനും കോടതിയ്ക്ക് മുന്നിൽ കൃത്യമായ തെളിവുകൾ ഹാജരാക്കി വാദിക്കുന്നതിലും സാക്ഷിവിസ്താരം നടത്തുന്നതിലും പ്രോസിക്യൂഷനും വലിയ വീഴ്ച വരുത്തിയെന്ന് വ്യക്തമാക്കുന്ന വിധിപ്രസ്താവം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നത്. 

പാലക്കാട്: വാളയാറിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം. ദളിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രോസിക്യൂഷന്‍റെയും പൊലീസിന്‍റെയും വീഴ്ചകൾ എടുത്തുകാട്ടി വിധിപ്രസ്താവം പുറത്തുവന്നതിന് പിന്നാലെയാണ് യുഡിഎഫ് പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുന്നത്.

ഇതിന്‍റെ ഭാഗമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് വാളയാറിലെ സഹോദരിമാരുടെ വീട് സന്ദർശിക്കും. പ്രതിഷേധത്തിന്‍റെ ഭാഗമായി, തിങ്കളാഴ്ച മുല്ലപ്പള്ളി ഉപവാസം അനുഷ്ഠിക്കുമെന്നും കെപിസിസി അറിയിച്ചു.

Read more at: 'ഇരയ്‍ക്കൊപ്പം നിൽക്കണ്ടവർ വേട്ടക്കാർക്കൊപ്പം പോയി'; വാളയാർ കേസിൽ വെളിപ്പെടുത്തലുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ

വാളയാർ കേസിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അക്കമിട്ട് പറയുന്നതായിരുന്നു കേസിലെ പാലക്കാട് പോക്സോ കോടതിയുടെ വിധിപ്രസ്താവം. മൂത്ത പെൺകുട്ടിയുടെയും ഇളയ പെൺകുട്ടികളുടെയും മരണങ്ങളിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ തെളിവുകൾ തീർത്തും അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിക്കുന്നു. പ്രതികൾ കുട്ടികളെ പീഡിപ്പിച്ചിരിക്കാമെന്ന സാധ്യതകളാണ് കുറ്റപത്രത്തിലുള്ളത്. 

സാധ്യതകൾ വച്ച് ആരെയും ശിക്ഷിക്കാനാവില്ലെന്ന് കർശനമായി പറയുന്ന കോടതി, അന്വേഷണ സംഘത്തിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് എടുത്തുപറയുന്നു. ശാസ്ത്രീയതെളിവുകളൊന്നും പുറത്തുവിടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും പാലക്കാട് പോക്സോ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി എസ് മുരളീകൃഷ്ണ നിശിതമായി വിധിപ്രസ്താവത്തിൽ വിമർശിക്കുന്നു.

അതേസമയം, വാളയാർ കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന നൂറു മണിക്കൂർ സത്യഗ്രഹസമരം ഇന്ന് സമാപിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ ഒ രാജഗോപാൽ എംഎൽഎ സമാപനം ഉദ്ഘാടനം ചെയ്യും. 

എന്നാൽ വാളയാറിൽ ദളിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിബിഐ അന്വേഷണം ഉടൻ വേണ്ടെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. 

Read more at: വാളയാർ കേസ്: ഉടൻ സിബിഐ വേണ്ടെന്ന് ഹൈക്കോടതി, പുനരന്വേഷണ സാധ്യത കുറവെന്ന് സിബിഐ

പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ ഇപ്പോഴും കഴിയുമല്ലോ എന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ, പുനരന്വേഷണത്തിന് സാധ്യതയുള്ളൂ എന്ന് വാദത്തിനിടെ സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

കോടതി ഉത്തരവിനെതിരെ സർക്കാരിനും പെൺകുട്ടികളുടെ അച്ഛനമ്മമാർക്കും അപ്പീൽ നൽകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉടൻ അപ്പീൽ നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. പത്രറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു. പത്ര റിപ്പോർട്ടുകളെല്ലാം ശരിയാണെന്ന് എന്താണുറപ്പെന്ന് ചോദിച്ച കോടതി, സംസ്ഥാനത്ത് പൊതുവിൽ പോക്‌സോ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഈ കേസുമായി ബന്ധപ്പെടുത്തേണ്ടെന്നും പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ