കൊവിഡ് മരണ കണക്ക്; വൈരുധ്യം വ്യക്തമാക്കി ആരോഗ്യവകുപ്പിന്‍റെ ഡെത്ത് ഓഡിറ്റ് റിപ്പോർട്ട്

By Web TeamFirst Published Aug 29, 2020, 2:32 PM IST
Highlights

എല്ലാ മരണങ്ങളിലും നടപടി ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമനുസരിച്ചാണെന്നാണ് സർക്കാർ വാദം. അതിനെ തള്ളുന്നതാണ് ജൂലൈയിലെ 61 മരണങ്ങളെ പഠന വിധേയമാക്കിയ റിപ്പോർട്ട്. 

തിരുവനന്തപുരം: കൊവിഡ് മരണങ്ങളിൽ സർക്കാർ കണക്കുകളിലെ വൈരുധ്യം വ്യക്തമാക്കി ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോർട്ട്. ഔദ്യോഗിക പട്ടികയിൽ നിന്ന് മരണങ്ങളെ വ്യാപകമായി ഒഴിവാക്കാൻ തുടങ്ങിയ ജൂലൈയിൽ കൊവിഡ് മരണമല്ലെന്നുറപ്പുള്ളത് ഏഴ് പേരുടേത് മാത്രമാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 

വ്യാപനം ശക്തമായ ജൂലൈ മാസത്തിൽ മാത്രം 22 മരണങ്ങൾ കോവിഡ് പട്ടികയിൽപ്പെടുത്താതിരുന്നതോടെയാണ് മരണപ്പട്ടിക ചർച്ചയായത്. എല്ലാ മരണങ്ങളിലും നടപടി ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമനുസരിച്ചാണെന്നാണ് സർക്കാർ വാദം. അതിനെ തള്ളുന്നതാണ് ജൂലൈയിലെ 61 മരണങ്ങളെ പഠന വിധേയമാക്കിയ റിപ്പോർട്ട്. ജൂണിലെ  രണ്ട് മരണം ഉൾപ്പെടെ പഠന വിധേയമാക്കിയത് 63 മരണം. ഇതിൽ മരണകാരണം കൊവിഡ് അല്ലെന്ന് വ്യക്തമായി പറയുന്നത് ഏഴ് മരണങ്ങളിൽ മാത്രമാണ്. 

പട്ടികയിലുൾപ്പെടുത്തിയില്ലെങ്കിലും ഒരു തമിഴ്നാട് സ്വദേശിയുടേത് കൊവിഡ് മരണമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാൽ നാല് മരണങ്ങൾ ഇപ്പോഴും ഫലം കാക്കുന്നവയുമാണ്. മരണങ്ങളെ വ്യാപകമായി പട്ടികയിൽപ്പെടുത്താതിരുന്ന അന്നത്തെ നടപടിയിൽ നിന്ന് കാര്യമായ വ്യത്യാസമുള്ളതാണ് ഡെത്ത് ഓഡിറ്റ് റിപ്പോർട്ട് വിവരങ്ങൾ. അതേസമയം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് നൽകിയിരിക്കുന്ന കണക്കിൽ ഇപ്പോഴും ജൂലൈയിലെ 18 മരണങ്ങൾ പട്ടികയ്ക്ക് പുറത്താണ്. 

കോഴിക്കോട്ടെയും പത്തനംതിട്ടയിലെയും കാൻസർ രോഗികളുടെ മരണം വരെ പട്ടികയ്ക്ക് പുറത്ത്. അതേസമയം ഫലം കാക്കുന്നവയടക്കം ചേർത്ത് പുതുക്കിയ റിപ്പോർട്ട് വരാനുണ്ടെന്നും അതിൽ കൂടുതൽ ചിത്രം വ്യക്തമാകുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. ഏതായാലും വിമർശനം ശക്തമായതോടെ മരണങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന പ്രവണത കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി മരണങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് സർക്കാർ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

click me!