ജ്വല്ലറി നിക്ഷേപ തട്ടിപ്പ് വിവാദം ആസൂത്രിതമെന്ന് കമറുദ്ദീൻ എംഎൽഎ; പണം ഉടൻ കൊടുത്തുതീർക്കും

By Web TeamFirst Published Aug 29, 2020, 1:47 PM IST
Highlights

ജ്വല്ലറി ഇടപാടുകളുമായി  മുസ്ലിം ലീഗിന് ബന്ധമില്ല. കേസ് നിയമപരമായി നേരിടുമെന്നും കമറുദ്ദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാസർകോട്: തനിക്കെതിരായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് വിവാദം ആസൂത്രിതമാണെന്ന് എം സി കമറുദ്ദീൻ എംഎൽഎ പറഞ്ഞു. കോടതി മുഖേന എടുക്കേണ്ട കേസ് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് പൊലീസ് എടുത്തത്. ജ്വല്ലറി ഇടപാടുകളുമായി  മുസ്ലിം ലീഗിന് ബന്ധമില്ല. കേസ് നിയമപരമായി നേരിടുമെന്നും കമറുദ്ദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചെറുവത്തൂരിൽ പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച അബ്ദുൾ ഷൂക്കൂർ, എംടിപി സുഹറ, വലിയ പറമ്പ് സ്വദേശി ആരിഫ എന്നിവരുടെ പരാതിയിലാണ് ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി ചന്തേര പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്. നോട്ടു നിരോധനം മൂലം സ്ഥാപനം പ്രതിസന്ധിയിലാവുകയായിരുന്നെന്ന് കമറുദ്ദീൻ പറഞ്ഞു. 

2019 -ൽ ബ്രാഞ്ചുകൾ പൂട്ടി. സ്വത്തുവകകൾ വിറ്റ് പ്രശ്നം പരിഹരിക്കാനിരുന്നതാണ്. ലോക് ഡൗൺ ചെറിയ തടസ്സമായി. പിന്നീട് ഷെയർ ഹോൾഡേഴ്സിനെ വിളിച്ച് കൂട്ടി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. മൂന്ന് മാസം കൊണ്ട് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചതാണ്. തന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നിലവിലെ കേസ്. ഫാഷൻ ഗോൾഡ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്.  കൊടുത്ത് തീർക്കാനുള്ളവരുടെ പണം ഉടൻ കൊടുത്തുതീർക്കുമെന്നും കമറുദ്ദീൻ അറിയിച്ചു. 
 

Read Also: 'ലീഗ് നേതാവ് ചതിക്കില്ലെന്ന് വിശ്വസിച്ചു'; എംസി കമറുദ്ദീൻ എംഎൽഎക്ക് എതിരെ പരാതിക്കാർ...

 

click me!