നിലവിൽ ഒരാൾ മാത്രമാണ് വയനാട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളതെന്നും സർക്കാർ ഈ വിഷയത്തിൽ വ്യക്തത വരുത്തുമെന്നും ജില്ലാ ഭരണകൂടം.
വയനാട്: രാജ്യത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളിൽ വയനാട് ജില്ല ഉൾപ്പെട്ടതിൽ അവ്യക്തത ഉണ്ടെന്ന് ജില്ലാ ഭരണകൂടം. എന്ത് മാനദണ്ഡങ്ങൾ അനുസരിച്ചാണ് വയനാടിനെ അതിതീവ്ര മേഖലയാക്കി പ്രഖ്യാപിച്ചതെന്ന് അറിയില്ലെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. നിലവിൽ ഒരാൾ മാത്രമാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളതെന്നും സർക്കാർ ഈ വിഷയത്തിൽ വ്യക്തത വരുത്തുമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
ഹോട്ട് സ്പോട്ടുകൾ, നോണ്‍ ഹോട്ട് സ്പോട്ടുകൾ, ഗ്രീൻ സ്പോട്ടുകൾ എന്നിങ്ങനെ ജില്ലകളെ മൂന്നായി തിരിച്ചാണ് കൊവിഡ് പ്രതിരോധത്തിന്റെ അടുത്ത ഘട്ടം. രാജ്യത്ത് 170 ജില്ലകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. കേരളത്തിൽ ഏഴ് ജില്ലകളാണ് ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉള്ളത്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളാണ് കേരളത്തിലെ ഹോട്ട് സ്പോട്ടുകൾ.
കോഴിക്കോട് ഒഴികെയുള്ള കേരളത്തിലെ മറ്റ് ആറ് ജില്ലകൾ തീവ്രസാഹചര്യമില്ലാത്ത 207 നോണ്‍ ഹോട്ട് സ്പോട്ടുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോട്ട് സ്പോട്ടുകളിൽപ്പെടുന്ന എല്ലാവരെയും പരിശോധിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകികൊണ്ട് കേന്ദ്രം മാർഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഹോട്ട് സ്പോട്ടുകളിൽ ഓരോ വീട്ടിലെയും താമസക്കാരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കണം. രോഗ ലക്ഷണമുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കണം. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും തുടങ്ങിയ നിര്‍ദ്ദേശങ്ങൾ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്ക് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam