ജില്ലാ വികസനകമ്മീഷണർ നിയമനത്തിൽ ആശയക്കുഴപ്പം തുടരുന്നു; ജീവനക്കാരെ അനുവദിച്ച് ഉത്തരവിറങ്ങിയില്ല

By Web TeamFirst Published Oct 11, 2020, 2:29 PM IST
Highlights

വികസന കമ്മീഷണർമാർ ജില്ലാ കളക്ടർമാർ വഴി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ എങ്ങനെയാണ് സ്റ്റാഫുകളുടെ വിന്യാസം, ഓഫീസ് എങ്ങനെയാണ് തുടങ്ങിയ കാര്യത്തിൽ ഉത്തരവിറങ്ങിയില്ല. 

തിരുവനന്തപുരം: ജീവനക്കാരുടെ വിന്യാസത്തെക്കുറിച്ച് ഉത്തരവില്ലാത്തതിനാൽ ജില്ലാ വികസനകമ്മീഷണറുടെ ഓഫീസ് സംബന്ധിച്ച് കളക്ട്രേറ്റുകളിൽ ആശയക്കുഴപ്പം. ഓഫീസ് അനുവദിക്കുന്നതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ല. നിയമനത്തിനെതിരെ സിപിഐയുടെ സർവ്വീസ് സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.

കോർപ്പറേഷനുകളുള്ള ആറ് ജില്ലകളിലാണ് വികസന കമ്മീഷണർമാരായി ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചത്. കഴിഞ്ഞ 30ന് ഇറങ്ങിയ ഉത്തരവിൽ ഈ ഉദ്യോഗസ്ഥർ ജില്ലാ കളക്ടർമാർ വഴി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ എങ്ങനെയാണ് സ്റ്റാഫുകളുടെ വിന്യാസം, ഓഫീസ് എങ്ങനെയാണ് തുടങ്ങിയ കാര്യത്തിൽ ഉത്തരവിറങ്ങിയില്ല. 

അതിനാൽ കളക്ട്രേറ്റുകളിലെത്തിയ ജില്ലാ വികസനകമ്മീഷണർമാർക്ക് എവിടെ ഓഫീസ് നൽകുമെന്നായി ആശയക്കുഴപ്പം. തിരുവനന്തപുരം കളക്ടേറ്റിലെത്തിയ വികസന കമ്മീഷണർ മണിക്കുറുകളോളം ചുമതല ഏൽക്കനാകാതെ കാത്ത് നിന്നു. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ ജീവനക്കാരെ റവന്യൂവകുപ്പിൽ നിന്ന് കൊടുക്കേണ്ടി വരുമെന്ന ആശങ്ക വകുപ്പിനുണ്ട്. 

സിവിൽ സ്റ്റേഷനിൽ ആരാണ് ഓഫീസ് ഒരുക്കേണ്ടത്, കാർ എങ്ങനെ നൽകും തുടങ്ങിയ കാര്യങ്ങളിലെ അവ്യക്ത തുടരുന്നുണ്ട്. അതിനാലാണ് ജോയിന്റ് കൗൺസിൽ ശക്തമായി പ്രതിഷേധിക്കുന്നത്. മാത്രമല്ല ജില്ലകളിൽ രണ്ട് അധികാരകേന്ദ്രങ്ങളുണ്ടാകുന്നതിനെ റവന്യൂവകുപ്പ് മന്ത്രിയും ഏതിർത്തു. അതിനാലാണ് മന്ത്രിസഭയിൽ പോലും വരാതെ ചീഫ് സെക്രട്ടറി പ്രത്യേക ഉത്തരവിലൂടെ നിയമനം നടത്തിയത്. കമ്മീഷണർമാർ ചുതമലയേറ്റെങ്കിലും അധികാരങ്ങൾ സംബന്ധിച്ച് വരും ദിവസങ്ങളിൽ റവന്യു പൊതുഭരണവകുപ്പുകൾ തമ്മിൽ കുടുതൽ തർക്കങ്ങളിലേക്ക് കടക്കും.

click me!