കൊച്ചി: യുഎഇ കോൺസുലേറ്റുമായി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ ബന്ധിപ്പിച്ചത് മുഖ്യമന്ത്രി തന്നെയാണെന്നുള്ള സ്വപ്ന സുരേഷിന്‍റെ മൊഴി. എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് സ്വപ്ന നൽകിയ മൊഴിയുടെ പകർപ്പാണ് പുറത്തുവന്നത്. ഇതിനിടെ വിദേശയാത്രകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ശിവശങ്കറോട് കസ്റ്റംസ് ആവശ്യപ്പെട്ടു.
എൻഫോഴ്സമെന്‍റ് ഡയറക്ടേറ്റിന് സ്വപ്ന സുരേഷ് നൽകിയ മൊഴിയിലെ പുറത്തുവന്ന ഭാഗം ഇങ്ങനെയാണ്. 2017ൽ യുഎഇ കോൺസൽ ജനറൽ മുഖ്യമന്ത്രിയുടെ വസതിയിൽ സ്വകാര്യ സന്ദർശനം നടത്തിയിരുന്നു. യുഎഇ കോൺസലേറ്റുമായി സർക്കാരിനെ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണി എം ശിവശങ്കറായിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെയാണ് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത്.
തുടർന്ന് കോൺസുലേറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശിവശങ്കറാണ് തന്നെ ബന്ധപ്പെട്ടിരുന്നത്. കോൺസൽ സെക്രട്ടറി എന്ന നിലയിലായിരുന്നു തന്നെ വിളിച്ചത്. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് താനും ശിവശങ്കറെ വിളിച്ചിരുന്നുവന്നാണ് സ്വപ്നയുടെ മൊഴിയിലുളളത്.
ഇതിനിടെ എം ശിവശങ്കറിന്‍റെ വിദേശയാത്രകൾ സംബന്ധിച്ച് കസ്റ്റംസ് വിശദമായ പരിശോധന തുടങ്ങി. വിദേശ യാത്രകളുടെ ഔദ്യോഗിക രേഖകൾ ചൊവ്വാഴ്ച ഹാജരാക്കാൻ ശിവശങ്കറോട് അവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാകും ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യൽ.
എന്നാൽ നയതന്ത്ര ചാനൽ വഴി സ്വപ്ന സുരേഷും കൂട്ടുപ്രതികളും നടത്തിയ സ്വർണക്കള്ളക്കടത്ത് സംബന്ധിച്ച് ശിവശങ്കറിന് കാര്യമായ അറിവില്ലായിരുന്നു എന്നാണ് കസ്റ്റംസിന്റെ ഇതുവരെയുളള നിഗമനം. എന്നാൽ കളളക്കടത്ത് പണം ഒളിപ്പിക്കുന്നതിനടക്കം ശിവശങ്കർ സ്വപ്നയെ സഹായിച്ചോയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam