ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി പാടില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ; കോൺഗ്രസിൽ ചർച്ച സജീവം

Published : Nov 06, 2023, 04:44 PM IST
ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി പാടില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ; കോൺഗ്രസിൽ ചർച്ച സജീവം

Synopsis

പലസ്തീൻ റാലി വിഷയത്തിൽ നടപടിയെടുത്താൽ ന്യൂനപക്ഷ വികാരം എതിരാകുമെന്നതും, സിപിഎം അവസരം മുതലാക്കുമെന്നതും കോൺഗ്രസിനെ നടപടിയിൽ നിന്ന് പിന്നോട്ട് പോകാൻ നിർബന്ധിതരാക്കുന്നു

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിൽ നിന്നും കെപിസിസി അച്ചടക്ക സമിതി ഇന്ന് നേരിട്ട് വിശദീകരണം തേടാനിരിക്കെ നടപടി ഒഴിവാക്കാൻ കോൺഗ്രസ്സിൽ ചർച്ചകൾ സജീവം. പാർട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന ഷൗക്കത്തിൻറെ വിശദീകരണം കണക്കിലെടുത്ത് നടപടി ഒഴിവാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് നടപടി എടുത്താൽ ആര്യാടൻ ഷൗക്കത്തിനെ സംരക്ഷിക്കുമെന്ന് സിപിഎം വാഗ്ദാനം ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണിത്.

പലസ്തീൻ റാലി വിഷയത്തിൽ നടപടിയെടുത്താൽ ന്യൂനപക്ഷ വികാരം എതിരാകുമെന്നതും, സിപിഎം അവസരം മുതലാക്കുമെന്നതും കോൺഗ്രസിനെ നടപടിയിൽ നിന്ന് പിന്നോട്ട് പോകാൻ നിർബന്ധിതരാക്കുന്നു. എന്നാൽ പാർട്ടിയുടേയും മലപ്പുറത്തെ ഷൗക്കത്ത് വിമർശകരായ ഡിസിസിയുടെയും നേതാക്കളുടെയും മുഖം രക്ഷിക്കണമെന്നതും കോൺഗ്രസിന് മുന്നിലുണ്ട്. കെപിസിസിക്ക് ഷൗക്കത്ത് നൽകിയ മറുപടിയിൽ ഖേദം സൂചിപ്പിച്ചുള്ള പരാമർശം കണക്കിലെടുത്തുള്ള സമവായത്തിനാണ് ചില എ-ഐ ഗ്രൂപ്പ് നേതാക്കളുടെ ശ്രമം. പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും പാർട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നുമാണ് ഷൗക്കത്ത് വിശദീകരണത്തിൽ വ്യക്തമാക്കിയത്. ഇക്കാര്യം ഷൗക്കത്ത് അച്ചടക്കസമിതിക്ക് മുന്നിലും ആവർത്തിച്ചാൽ നടപടി ഒഴിവാക്കിയേക്കും.

ഷൗക്കത്ത് വഴങ്ങിയാൽ തത്കാലത്തേക്ക് ഒത്തുതീർപ്പുണ്ടാകും. പക്ഷെ മലപ്പുറത്തെ പുനഃസംഘടനയടക്കം ഇനിയും പ്രശ്നങ്ങൾ ബാക്കിയുണ്ട്. മലപ്പുറം ഡിസിസിയും അച്ചടക്ക സമിതിക്ക് കത്ത് നൽകിയിട്ടുണ്ട്. അന്തിമ തീരുമാനത്തിന് മുമ്പ് അഭിപ്രായം പരിഗണിക്കണമെന്നാണ് ആവശ്യം. പാർട്ടി വിരുദ്ധ നീക്കങ്ങൾ ആവർത്തിക്കില്ലെന്ന കർശന നിർദ്ദേശം സമിതി ഷൗക്കത്തിന് നൽകും. കോൺഗ്രസ്സിനെ ഒന്ന് കൂടി വെട്ടിലാക്കിയാണ് ഷൗക്കത്തിനുള്ള സിപിഎം വാഗ്ദാനം.

സിപിഎമ്മിൻറെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്കും ഷൗക്കത്തിനെ സിപിഎം സ്വാഗതം ചെയ്യുന്നുണ്ട്. കെപിസിസി കൈവിട്ടാൽ ഷൗക്കത്തിനെ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് പലയിടത്തും ഷൗക്കത്തിനെ പരിഗണിക്കാൻ വരെ സിപിഎം നോട്ടമുണ്ട്. ചർച്ചകൾ നടന്നെന്ന് കോൺഗ്രസ്സിലെ ഷൗക്കത്ത് വിമർശകർ ആരോപിക്കുന്നുണ്ട്. എന്നാൽ ഇത് നിഷേധിക്കുകയാണ് ഷൗക്കത്ത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫരീദാബാദ് കൂട്ടബലാത്സംഗം; അതിജീവിതയുടെ ഒരു കണ്ണ് പൂർണമായി തകരാറിൽ, ഗുരുതര പരിക്കെന്ന് ഡോക്ടർമാർ
ഇലക്ട്രിക് ബസ് വിവാദം; നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്, 'ബസ് ഓടിക്കുന്നത് കോര്‍പ്പറേഷന്‍റെ പണിയല്ല, കെഎസ്ആര്‍ടിസി കരാര്‍ പാലിക്കണം'