
എരുമേലി: നിർദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം കോന്നിയിൽ പ്രചാരണ വിഷയമാക്കി കോൺഗ്രസും ബിജെപിയും. തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ശബരിമല എയർപോർട്ടെന്നാണ് ഇരു കക്ഷികളുടെയും ആരോപണം. ശബരിമലയും വിശ്വാസവും കേന്ദ്രീകരിച്ച് മുന്നേറിയ പ്രചാരണ വിഷയങ്ങളിലേക്ക് അതുമായി ബന്ധപ്പെട്ട് തന്നെയാണ് വിമാനത്താവളത്തിനായുള്ള ഭൂമിയേറ്റെടുക്കലും ചര്‍ച്ചയാകുന്നത്.
ചെറുവള്ളി എസ്റ്റേറ്റ് തന്നെ വിമാനത്താവളത്തിനായി ഏറ്റെടുക്കുമെന്നും കേസുകൾ നിലനിൽക്കുന്നതിനാൽ കോടതിയിൽ പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നടപടികളും ആലോചനയിലുണ്ടന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ, തിരക്കിട്ട് വിമാനത്താവള പദ്ധതി ഉയർത്തികൊണ്ട് വരുന്നത് കോന്നി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
സർക്കാർ നടപടി പെരുമാറ്റചട്ട ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. ബിജെപിയും വിഷയത്തിൽ സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ചെറുവള്ളി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ എതിർത്ത് ബിലിവേഴ്സ് ചർച്ചും നേരത്തെ രംഗത്തെത്തിയിരുന്നു.
പണമടച്ച് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ഉടമസ്ഥത സർക്കാരിനല്ലെന്ന് തെളിയിക്കുന്നുവെന്നായിരുന്നു ഭൂമി കേസിൽ എതിർകക്ഷിയായ ബിലിവേഴ്സ് ചർച്ചിന്‍റെ വാദം. ഒരു കോടതിയിലും ഈ ഭൂമി സംബന്ധിച്ച് കേസ് ഇല്ലെന്നും ഇത് തങ്ങളുടെ ഭൂമിയാണെന്നുമാണ് ബിലിവേഴ്സ് ചർച്ചിന്‍റെ വിശദീകരിക്കുന്നു.
എന്നാൽ സഭയുടെ ഭൂമി ആണെന്ന് അംഗീകരിച്ചാൽ ഏത് വികസന പ്രവർത്തനങ്ങൾക്കും സമ്മതമെന്നും ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് പ്രതികരിച്ചു. എന്നാൽ ബിലീവേഴ്‌സ് ചർച്ചിന്റെ വാദം തള്ളി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ രംഗത്തെത്തി. ഭൂമി സർക്കാരിന്‍റേത് തന്നെയെന്നും ഉടമസ്ഥാവകാശം ഉറപ്പിക്കാൻ സിവിൽ കോടതിയെ സമീപിക്കാൻ മാത്രമാണ് സുപീം കോടതി നിർദേശം ലഭിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam