കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ സമാന അവസ്ഥയില്‍ മണ്ണാർക്കാട്ട് 25പേർ

By Web TeamFirst Published Oct 13, 2019, 9:38 AM IST
Highlights
  • കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സമാനമായി 25പേര്‍
  • തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍
  • എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തലുണ്ടായിട്ടും പഠനം പോലും നടത്താതെ സര്‍ക്കാര്‍

കാസര്‍കോട്: കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ സമാന അവസ്ഥയില്‍ പാലക്കാട് മണ്ണാർക്കാട്ടെ ഒരു ഗ്രാമത്തില്‍ 25പേർ. സമീപത്തെ സ്വകാര്യ തോട്ടങ്ങളില്‍ വര്‍ഷങ്ങളോളം എൻഡോസൾഫാൻ അടക്കമുള്ള കീടനാശിനികള്‍ പ്രയോഗിച്ചതുമൂലമാണ് ഈ അവസ്ഥയെന്ന പരാതി ഉയര്‍ന്നിട്ടും ഔദ്യോഗിക പഠനങ്ങള്‍ ഇതേവരെ നടത്തിയില്ല.

മണ്ണാർക്കാട് നൊട്ടമലയിലെ ഷൗക്കത്തിന്റെ മകൻ സജാദ് കിടപ്പ് തുടങ്ങിയിട്ട് വർഷം പതിനെട്ടായി. ഒന്നിരിക്കാൻപോലം കഴിയില്ല രണ്ട് ശസ്ത്രക്രിയകൾ ഇതിനകം കഴിഞ്ഞു.ഇനി അടിയന്തിരമായി ഒന്നുകൂടിവേണം. മകനെ ബാധിച്ച അസുഖമെന്തെന്ന് ഷൗക്കത്തിനുമറിയില്ല.ഇതുപോലെ, ജനിച്ചപ്പോൾ മുതൽ അപൂർവ്വ രോഗങ്ങളുമായി 25 കുട്ടികളുണ്ടിവിടെ.

സമീപത്തുളള റബ്ബർ തോട്ടങ്ങളിലും കശുമാവിൻ തോപ്പിലും വർഷങ്ങൾക്ക് മുമ്പ് എൻഡോസൾഫാൻ തളിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നിവർ പറയുന്നു. ഹെലികോപ്റ്ററുപയോഗിച്ച് ഇവിടത്തെ തോട്ടങ്ങളില്‍ എൻഡോസൾഫാൻ തളിച്ചിരുന്നതായി ചുമതലയുണ്ടായിരുന്ന തൊഴിലാളി പറയുന്നു. എന്നാൽ ഇതുവരെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു പഠനവും ഇവിടെ നടത്തിയിട്ടില്ല.

കുട്ടികളുടെ തുടർചികിത്സയ്ക്കും പുനരധിവാസത്തിനും വഴിയെന്തെന്ന് ഇവർ ചോദിക്കുന്നു. അതേസമയം എൻഡോസൾഫാൻ തളിച്ചിട്ടില്ലെന്നാണ് തോട്ടമുടമ വ്യക്തമാക്കുന്നത്. വിദഗ്ധപഠനം നടത്താൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥലം എംഎൽഎ കെവി വിജയദാസ് അറിയിച്ചു. 

click me!