
കോഴിക്കോട്: ശബരിമല സ്വര്‍ണ്ണപ്പാളി മോഷ്ടിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്‌ക്കെതിരെ വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും അതില്‍ പങ്കുചേരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ശബരിമലയില്‍ വലിയ സുരക്ഷയുണ്ടായിട്ടും സ്വര്‍ണ്ണം നഷ്ടപ്പെടാനുണ്ടായ സാഹചര്യത്തെ വിമര്‍ശിച്ച സണ്ണി ജോസഫ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പ്രതികരണം വിശ്വാസയോഗ്യമല്ലെന്നും പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ അറിയാതെ ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടപ്പെടില്ല. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, ശബരിമലയിലെ സ്വര്‍ണ്ണം നഷ്ടപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
നഷ്ടപ്പെട്ട സ്വര്‍ണ്ണം എത്രയെന്ന് കണ്ടെത്തണം. അതിന് ഉത്തരവാദികള്‍ എത്ര ഉന്നതനായാലും കടുത്ത ശിക്ഷാ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെ പി സി സി അധ്യക്ഷൻ ആവശ്യപ്പെട്ടു. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സര്‍ക്കാര്‍ തലത്തിലുള്ള ദുസ്വാധീനമാണ് തട്ടിപ്പുകള്‍ക്ക് അവസരം ഒരുക്കിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഇരട്ടവോട്ട് സംബന്ധിച്ച് വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് കോണ്‍ഗ്രസും യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആക്ഷേപം ഉന്നയിച്ചിട്ടും ഗൗരവത്തിലെടുത്തില്ല. ഒരു വ്യക്തിയുടെ പേരില്‍ ഒന്നിലേറെ സ്ഥലത്ത് വോട്ട് ചേര്‍ക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷനിലും സമാന പരാതി കോണ്‍ഗ്രസ് തെളിവ് സഹിതം ചൂണ്ടിക്കാട്ടി. എന്നാല്‍ അത് പരിഹരിക്കുന്നതിന് പകരം ഇരട്ടവോട്ടുകള്‍ നിയമവത്കരിക്കാനും ന്യായീകരിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിച്ചത്. ഇരട്ട വോട്ടര്‍ക്ക് രണ്ട് ഐഡി കാര്‍ഡും നമ്പരും നല്‍കുന്നു. ഒരു നമ്പര്‍ ഉപയോഗിച്ച് രണ്ട് സ്ഥലത്ത് വോട്ട് ചേര്‍ത്താല്‍ അത് കണ്ടെത്താന്‍ കഴിയുമെന്നുള്ളതിനാലാണിത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐ ഡി നമ്പര്‍ പുതിയ വോട്ടര്‍പ്പട്ടികയില്‍ നിന്ന് തന്ത്രപരമായി നീക്കിയത് എന്തിനാണെന്നും സണ്ണി ജോസഫ് ചോദിച്ചു. ഇരട്ട വോട്ടിന് നിയമ സാധുത ഉണ്ടാക്കാനും അവ രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്നതിനും വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം തെറ്റായ നിലപാട് സ്വീകരിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
പൗരന്റെ മൗലിക വോട്ടവകാശം സംരക്ഷിക്കാനും വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെയും രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് ഈ മാസം അവസാനവാരം കോഴിക്കോട് കടപ്പുറത്ത് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജനാധിപത്യ സംരക്ഷണ റാലിയും സദസ്സും നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam