
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് വൈകിട്ട് 4.30ഓടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച പ്രതിഭയാണ് ടിജെഎസ് ജോര്‍ജ്. മാധ്യമപ്രവര്‍ത്തകൻ, സാഹിത്യക്കാരൻ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 1950ൽ ബോംബെയിലെ ഫ്രീ പ്രസ് ജേര്‍ണലിലാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തി. ഇൻറര്‍നാഷണൽ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച് ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യു എന്നിവയിൽ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു.
ഹോംങ്കോങിൽ നിന്നുള്ള ഏഷ്യാവീക്കിന്‍റെ സ്ഥാപക പത്രാധിപരാണ്. വി.കെ കൃഷ്ണമേനോന്‍, എം.എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീക്വാന്‍ യ്യൂ തുടങ്ങിയവ മഹാന്‍മാരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പുകളായ ഘോഷയാത്രയും ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി 20ലധികം കൃതികള്‍ എഴുതിയിട്ടുണ്ട്. 2011ലാണ് രാജ്യം പത്മഭൂഷൻ പുരസ്കാരം നൽകി ആദരിച്ചത്. 2017ൽ സ്വദേശാഭിമാനി പുരസ്കാരവും ലഭിച്ചിരുന്നു.ഞായറാഴ്ച ബെംഗളൂരു ഹെബ്ബാള്‍ ക്രിമറ്റോറിയത്തിലാണ് സംസ്കാരം. ടിജെഎസ് ജോര്‍ജിന്‍റെ നിര്യാണത്തിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ അനുശോചിച്ചു. വാക്ക് പടവാളാക്കിയ വ്യക്തിയായിരുന്നു ടിജെഎസ് ജോര്‍ജ് എന്ന് സിദ്ധരാമയ്യ അനുശോചിച്ചു.