ജോസഫിന് പിന്തുണയുമായി ഉമ്മൻചാണ്ടി: മാണി വിഭാഗത്തിന് അമര്‍ഷം

By Asianet MalayalamFirst Published Mar 11, 2019, 11:03 AM IST
Highlights

കോട്ടയം സീറ്റിനായുള്ള അവകാശ വാദത്തില്‍ നിന്നും പിന്നോട്ട് പോകരുതെന്ന് ജോസഫിനോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായി വിവരം. ജയസാധ്യതയുള്ള സ്ഥാനാര്‍ഥി മാണി വിഭാഗത്തില്‍ ഇല്ലാത്തത് ജോസഫിന്‍റെ സാധ്യത കൂട്ടുന്നു. 

കോട്ടയം: കേരള കോണ്‍ഗ്രസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായി പിജെ ജോസഫ് തന്നെ വന്നേക്കും. കോട്ടയത്ത് മത്സരിക്കാന്‍ പറ്റിയ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളാരും തന്നെ മാണി വിഭാഗത്തില്‍ ഇല്ല എന്നതാണ് ജോസഫിന് നേട്ടമാകുന്നത്. കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പേര് ഒരു വിഭാഗം നിര്‍ദേശിച്ചെങ്കിലും അദ്ദേഹം തന്നെ ആ നിര്‍ദേശം തള്ളിയാണ് യോഗത്തില്‍ സംസാരിച്ചത്. 

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തിലെത്തുന്ന പക്ഷം കേരള കോണ്‍ഗ്രസ് ഒരു കേന്ദ്രമന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. പിജെ ജോസഫ് എംപിയായാല്‍ അതിനായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് മാണി പക്ഷം സംശയിക്കുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉറപ്പ് നേടിയെടുക്കാനാണ് മാണി ഇപ്പോള്‍ ശ്രമിക്കുന്നത്. അതേസമയം ജോസഫിന് കോട്ടയം സീറ്റ് നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കണം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ മാണിപക്ഷത്തിന് മേല്‍ നല്ല സമ്മര്‍ദ്ദമാണ് കോണ്‍ഗ്രസ് ചെലുത്തുന്നത്.

കേരള കോണ്‍ഗ്രസിന്‍റെ ആസ്ഥാനം തന്നെ കോട്ടയമാണ്. അത്തരമൊരു മണ്ഡലത്തിലെ സീറ്റ് ജോസഫിന് വിട്ടു കൊടുക്കുന്നതില്‍ മാണി വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. കോട്ടയത്തെ പ്രാദേശിക നേതാക്കള്‍ ഇക്കാര്യത്തിലെ തങ്ങളുടെ അതൃപ്തിയും അമര്‍ഷവും മാണിയേയും ജോസ് കെ മാണിയേയും അറിയിച്ചിട്ടുണ്ട്. 

ലോക്സഭാ സീറ്റ് വിവാദത്തില്‍ കേരള കോണ്‍ഗ്രസില്‍ അഭ്യന്തര കലാപം രൂക്ഷമായതിനിടെ വ്യാഴാഴ്ച്ച രാത്രി നാട്ടകം ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ചാണ്ടിയും പിജെ ജോസഫും തമ്മില്‍  ചര്‍ച്ച നടത്തിയിരുന്നു. കോട്ടയം സീറ്റിനായുള്ള അവകാശ വാദത്തില്‍ നിന്നും പിന്നോട്ട് പോകരുതെന്ന് ജോസഫിനോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായാണ് വിവരം. ജോസഫിന് പിന്നില്‍ കളിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്ന മാണി വിഭാഗം നേരത്തെ തന്നെ ആരോപിച്ചിരുന്നു. പുതിയ സംഭവവികാസങ്ങളോടെ യുഡിഎഫില്‍ മാണി വിഭാഗം കുറേക്കൂടി ഒറ്റപ്പെടുന്ന അവസ്ഥയാണ് വരുന്നത്. 
 

click me!