
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ പേടിസ്വപ്നമായ വടക്കനാട് കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് കാട്ടാനയെ വനംവകുപ്പ് സംഘം വെടിവെച്ചു പിടികൂടിയത്. മയക്കത്തിൽ നിൽക്കുന്ന കാട്ടാനയെ വനം വകുപ്പിന്റെ കുങ്കിയാനകളായ നീലകണ്ഠൻ, പ്രമുഖ, സൂര്യന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് മുത്തങ്ങയിലെ ആന കൊട്ടിലിലേക്ക് ആനയെ മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
പാതിമയക്കത്തിൽ നിൽക്കുന്ന ആനയെ ലോറിയിൽ കയറ്റുകയും മുത്തങ്ങയിലെ ആനക്കൊട്ടിലിൽ എത്തിക്കുകയും വേണം. അടുത്ത മൂന്നോ നാലോ മണിക്കൂറിനുള്ളിൽ ഈ ദൗത്യം പൂർത്തിയാക്കുക എന്നതാണ് ഇപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളി. മയക്കം മാറിയാൽ വടക്കനാട് കൊമ്പൻ എങ്ങനെ പെരുമാറുമെന്നതിൽ ആശങ്കയുണ്ട്. വടക്കനാട് കൊമ്പനെ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ കുങ്കിയാനകൾ നിയന്ത്രണം വിട്ടു പോകാനുള്ള സാധ്യതയും മുന്നിലുണ്ട്.
സിസിഎഫ് അഞ്ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വൻസംഘമാണ് വടക്കനാട് കൊമ്പനെ പിടികൂടാനായി രാവിലെ തന്നെ വനത്തിലെത്തിയത്. രണ്ട് പേരെ കൊലപ്പെടുത്തി ഭീതിപരത്തിയ വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ആദ്യ ശ്രമം ഇന്നലെ വനംവകുപ്പ് ഉപേക്ഷിച്ചിരുന്നു. ഇന്നലെ വനത്തിൽ മൂടക്കൊല്ലി ഭാഗത്ത് നിലയുറപ്പിച്ച കൊമ്പനെ ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും മയക്കുവെടിവെച്ച് പിടികൂടാൻ കഴിയുമായിരുന്നില്ല. ചെളി പുതഞ്ഞ് കിടക്കുന്നതിനാൽ വെടിവെച്ചാലും ആനയെ കൊണ്ടുവരാനുള്ള ലോറി ഈ ഭാഗത്തേക്ക് എത്തിക്കാൻ ബുദ്ധിമുട്ടായിരുന്നു.
ചൂട് കൂടിയതിനാലും ആന ഒരു സ്ഥലത്ത് തന്നെ നിലയുറപ്പിക്കാത്തതും ദൗത്യം താല്‍ക്കാലികമായി ഉപേക്ഷിക്കാന്‍ കാരണമായി. മയക്കുവെടിവെച്ചാല്‍ ആനയുടെ ശരീരത്തിലെ ചൂട് ക്രമാതീതമായി വര്‍ധിക്കും. ഉച്ചനേരമായതിനാല്‍ ചൂട് ഇരട്ടിയായി ഇത് ആനയുടെ ജീവനെ പോലും ബാധിച്ചേക്കും. വെടിവെച്ച് ആന മയങ്ങിത്തുടങ്ങിയാല്‍ തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്ത് ശരീരം തണുപ്പിക്കണം. എന്നാല്‍ ഉള്‍ക്കാട്ടിലേക്ക് വെള്ളമെത്തിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതൊക്കെ കണക്കിലെടുത്താണ് ഉദ്യോഗസ്ഥര്‍ ഇന്നത്തെ ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
ആനയുടെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്‌നല്‍ പ്രകാരമാണ് വടക്കനാട് വനമേഖലയില്‍ തന്നെയാണ് കൊമ്പനുള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. രണ്ട് വര്‍ഷം മുമ്പ് പിടികൂടിയ കല്ലൂര്‍ കൊമ്പനെ പാര്‍പ്പിച്ച കൊട്ടിലിന് സമീപത്താണ് വടക്കനാട് കൊമ്പനും കൂടൊരുക്കിയിരിക്കുന്നത്.
പ്രദേശവാസികളുടെ ഏറെ നാളത്തെ പ്രതിഷേധത്തിന് ശേഷമാണ് കൊമ്പനെ പിടികൂടാൻ തന്നെ തീരുമാനിച്ചത്. സുൽത്താൻ ബത്തേരി വടക്കനാട് പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകര്‍ക്കുന്ന കൊമ്പന്‍ മേഖലയിലെ കാര്‍ഷിക വിളകള്‍ക്കും ഭീഷണിയാണ്. എല്ലാവര്‍ഷവും അഞ്ഞുറിലധികം ഏക്കര്‍ കൃഷിയാണ് ആന നശുപ്പിക്കുന്നത്. ആനയുടെ നീക്കമറിയാല്‍ ഒരുവര്‍ഷം മുന്പ് മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടുപ്പിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. ഇതോടെയാണ് മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചത്. മുത്തങ്ങ ആനപന്തിയില്‍ നേരത്തെ പിടികൂടിയ കല്ലൂർ കൊമ്പനരികിലായാണ് വടക്കനാട് കൊമ്പനുള്ള കൂടൊരുക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam