ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് എതിർസ്ഥാനാർത്ഥി; ജാതിയിൽ കള്ളക്കളിയെന്ന് ആക്ഷേപം

By Web TeamFirst Published Jul 29, 2021, 9:44 AM IST
Highlights

ദേവികുളം മണ്ഡലം രൂപീകൃതമായത് മുതൽ പട്ടികജാതി സംവരണ മണ്ഡലമാണ്. ഇത്തവണ എംഎൽയായ എ രാജാ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടയാളാണെന്നാണ് ഡി കുമാറിന്റെ ആരോപണം

ഇടുക്കി: ദേവികുളം എംഎൽഎ അഡ്വക്കേറ്റ് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡി കുമാർ ഹൈക്കോടതിയെ സമീപിച്ചു. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും മത്സരിച്ച് ജയിച്ചതെന്നാണ് ആരോപണം. അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്നാണ് എ രാജയുടെ പ്രതികരണം.

ദേവികുളം മണ്ഡലം രൂപീകൃതമായത് മുതൽ പട്ടികജാതി സംവരണ മണ്ഡലമാണ്. ഇത്തവണ എംഎൽയായ എ രാജാ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടയാളാണെന്നാണ് ഡി കുമാറിന്റെ ആരോപണം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്ഐ പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജാ. അദ്ദേഹവും ഇതേ പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാർ ഹർജിയിൽ ആരോപിക്കുന്നു.

കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥിയായ ഡി കുമാറിനെ 7848 വോട്ടുകൾക്ക് തോൽപ്പിച്ചാണ് ഇടതു സ്ഥാനാർഥി എ രാജാ വിജയിച്ചത്. ഹർജി നിയമപരമായി നേരിടുമെന്ന് എ രാജ വ്യക്തമാക്കി.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗമായ രാജാ ദേവികുളം കോടതിയിലെ അഭിഭാഷകനുമാണ്. നേരത്തെ സത്യപ്രതിജ്ഞയിൽ സഗൗരവം എന്നോ ദൈവനാമത്തിലെന്നോ പറയാതിരുന്നതിനെ തുടർന്ന് പിഴയടക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണംർ ഉയർന്നിരിക്കുന്നത്.

click me!