കുറ്റ്യാടിയിൽ വ്യാപക നടപടിയുമായി സി പി എം

By Web TeamFirst Published Jul 29, 2021, 9:24 AM IST
Highlights

മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ഒരു ബ്രാഞ്ച് സെക്രട്ടറിയെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കുറ്റ്യാടി ലോക്കൽ കമ്മിറ്റി മെമ്പർമാരായ കെ കെ ഗിരീശൻ, പാലേരി ചന്ദ്രൻ, കെ പി ബാബുരാജ് എന്നിവരെയാണ് പുറത്താക്കിയത്. ഊരത്ത് സ്കൂൾ ബ്രാഞ്ച് സെക്രട്ടറി കെ പി ഷിജിലിനെയും പുറത്താക്കി

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ നിയമസഭ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിൽ വ്യാപക നടപടിയുമായി സി പി എം. പരസ്യ പ്രകടനത്തിന് നേതൃത്വം നൽകിയവർക്കെതിരെയാണ് നടപടി. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ഒരു ബ്രാഞ്ച് സെക്രട്ടറിയെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കുറ്റ്യാടി ലോക്കൽ കമ്മിറ്റി മെമ്പർമാരായ കെ കെ ഗിരീശൻ, പാലേരി ചന്ദ്രൻ, കെ പി ബാബുരാജ് എന്നിവരെയാണ് പുറത്താക്കിയത്. ഊരത്ത് സ്കൂൾ ബ്രാഞ്ച് സെക്രട്ടറി കെ പി ഷിജിലിനെയും പുറത്താക്കി.

വളയം, കുറ്റ്യാടി ലോക്കൽ കമ്മിറ്റികളിലായി ഏഴ് പേർക്ക് സസ്‌പെഷനും ഉണ്ട്. ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി പേർക്ക് പാർട്ടി താക്കീത് നൽകി. 

സി പി എം നേതാവ് കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പാർട്ടി സ്ഥാനം വഹിക്കുന്നവരുൾപ്പെടെയുള്ളവരുടെ പരസ്യ പ്രതിഷേധം. കുറ്റ്യാടി ലോക്കൽ കമ്മറ്റി നേരത്തെ പൂർണമായും പിരിച്ചുവിട്ടിരുന്നു. പ്രക്ഷോഭവുമായി രംഗത്തിറങ്ങിയവരെ പിന്തിരിപ്പിക്കുന്നതിന് പകരം പരസ്യ പിന്തുണ നൽകി പ്രതിഷേധം നടത്തിയെന്നാണ് പാർട്ടി വിലയിരുത്തൽ. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിനാണ് നല്‍കിയിരുന്നത്. ഇതില്‍ വലിയ പ്രതിഷേധമുയര്‍ന്നുവന്നിരുന്നു. ആയിരക്കണക്കിനാളുകള്‍ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർക്കായി പ്രതിഷേധവുമായി തെരുവിലിറങ്ങി. പാർട്ടി പ്രവർത്തകരുടെ ഈ പ്രതിഷേധം സി പി എമ്മിനെ ഞെട്ടിച്ചിരുന്നു. സീറ്റ് സി പി എം തിരിച്ചെടുത്തെങ്കിലും പ്രതിഷേധം നടത്തിയവർക്കെതിരെ കർശന നടപടിയാണ് സി പി എം സ്വീകരിക്കുന്നത്

click me!