തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് രക്തസാക്ഷി കുടുംബത്തിൽ നിന്നൊരാളെ സ്ഥാനാർത്ഥിയാക്കാൻ കോണ്‍ഗ്രസിൽ ആലോചന

By Web TeamFirst Published Feb 5, 2021, 11:05 PM IST
Highlights

കെഎസ്.യു നേതാവായിരുന്ന ഷുഹൈബിന്റെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 12 ന് മട്ടന്നൂരിൽ വൻ സമ്മേളനം നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ധര്‍മടത്ത് മുഖ്യന്ത്രിക്കെതിരെ കടുത്ത രാഷ്ട്രീയ മത്സരത്തിന് തന്നെ തയ്യാറെടുക്കുകയാണ് യുഡിഎഫ്. പാർട്ടി സ്ഥാനാർത്ഥിക്കപ്പുറം കൊലപാതകരാഷ്ട്രീയം മുഖ്യവിഷയമാക്കാൻ കോൺ​ഗ്രസ് രക്തസാക്ഷികളായ കൃപേഷ്,ശരത് ലാൽ, ഷുഹൈബ് എന്നിവരുടെ ബന്ധുക്കളേയോ ആർഎംപി നേതാവും ടിപി ചന്ദ്രശേഖരൻ്റെ വിധവയുമായ കെകെ രമയെയോ ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിക്കാനാണ് ജില്ലാ കോൺ​ഗ്രസിലെ നേതാക്കളുടെ ആലോചന. 

ലോക്കപ്പ് മരണങ്ങൾ മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലകൾ, കൊലക്കത്തി രാഷ്ട്രീയം. ഇവ മൂന്നും ചർച്ചയാക്കി പിണറായി വിജയൻ ഭരിച്ച 5 വർഷം കേരളത്തിൽ വൻ ക്രമസമാധാന തകർച്ചയുണ്ടായി എന്നാണ് ഐശ്വര്യ കേരളയാത്രയിലുടനീളെ രമേശ് ചെന്നിത്തല സംസാരിക്കുന്നത്. യാത്രയ്ക്കിടെ പെരിയയിലെത്തി കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കളെ നേതാക്കൾ കണ്ടതും ഇരട്ടക്കൊലപാതകം രാഷ്ട്രീയ കേരളത്തെ ഒന്നുകൂടി ഓർമ്മിപ്പിക്കാനാണ്. 

കെഎസ്.യു നേതാവായിരുന്ന ഷുഹൈബിന്റെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 12 ന് മട്ടന്നൂരിൽ വൻ സമ്മേളനം നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിൽ അക്രമ രാഷ്ട്രീയം മുഖ്യ ചർച്ചയാകണം എന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ഈ ഉദ്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് അക്രമ രാഷ്ട്രീയത്തിന്റെ ഇരയുടെ കുടുംബാഗംത്തെ മത്സരിപ്പിക്കാനുള്ള നീക്കം.

മത്സരിക്കാനുണ്ടോ എന്നകാര്യത്തിൽ പരസ്യ പ്രതികരണത്തിന് ശരത് ലാലിന്റേയും കൃപേഷിന്റേയും ഷുഹൈബിന്റെയും കുടുംബം തയ്യാറായിട്ടില്ല. വടകരയ്ക്ക് പുറത്ത് മത്സരിക്കുന്ന കാര്യത്തിൽ കെകെ രമയ്ക്കും താത്പര്യമില്ലെന്നറിയുന്നു

click me!