
ദില്ലി: ശശി തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെ പരോക്ഷമായി പിന്തുണച്ച് കോണ്‍ഗ്രസ് ദേശീയ നേതാക്കളും രംഗത്ത്.കെപി സി സി നിലപാടിനെ പിന്തുണക്കുന്നുവെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.ആരും പാർട്ടിയെ ധിക്കരിക്കാൻ പാടില്ല.പാർട്ടി നിർദ്ദേശം അനുസരിക്കണം.വിഭാഗീയത പാടില്ലെന്ന പ്രതിപക്ഷ നേതാവിൻ്റെ നിലപാടിനെയും പിന്തുണക്കുന്നു.തരൂർ വിമത പ്രവർത്തനം നടത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം കേരള രാഷ്ട്രീയത്തിൽ വന്നത് മുതൽ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ലെന്ന് തരൂര്‍ വ്യക്തമാക്കി. വിഭാഗീയതയുടെ എതിരാളിയാണ് ഒരു ഗ്രൂപ്പും സ്ഥാപിക്കാൻ പോകുന്നില്ല.ഒരു ഗ്രൂപ്പുകളിലും വിശ്വാസം ഇല്ല. കോൺഗ്രസിന് വേണ്ടിയാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി നേതൃത്വത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് തരൂർ മുന്നോട്ട്. യുഡിഎഫിലെ രണ്ടാം ഘടകകക്ഷിയായ ലീഗിന്റെ തട്ടകത്തിൽ പിന്തുണ ഉറപ്പാക്കാനെത്തിയ തരൂരിനെ കോൺഗ്രസ് നേതാക്കൾ ബഹിഷ്കരിച്ചു.പാണക്കാട്ട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും തരൂരിന് നൽകിയത് ഹൃദ്യമായ സ്വീകരണം, തരൂർ സജീവരാഷ്ട്രീയത്തിലുണ്ടെന്നും മികച്ച പ്രചാരകനെന്നും ലീഗ് അധ്യക്ഷൻ പ്രശംസിച്ചു.തരൂരുമായി രാഷ്ട്രീയം സംസാരിച്ചെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി പക്ഷേ കോൺഗ്രസിന്റെ ആഭ്യന്തരകാര്യത്തിൽ ഇടപെട്ടില്ലെന്ന് പറഞ്ഞു.മലപ്പുറം ഡിസിസിയിലെത്തിയ തരൂരിനെ കോൺഗ്രസിന്റെ ജില്ലയിലെ ഒരേയൊരു എം.എൽഎ എ പി അനിൽകുമാറും ആര്യാടൻ ഷൗക്കത്തുമടങ്ങിയ പ്രധാന നേതാക്കൾ ബഹിഷ്കരിച്ചു. കെപിസിസി നിർദ്ദേശം അനുസരിച്ചാണ് നേതാക്കൾ മാറി നിന്നത്.ലീഗുമായി നേരിട്ട് ആശയവിനിമയം തരൂർ നടത്തുന്നതും കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനഘടകക്ഷിക്ക് സമ്മതനാകുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് തരൂർ ക്യാംപിന്‍റെ വിലയിരുത്തൽ .
ശശി തരൂരിന് ശക്തമായ താക്കീതുമായിപ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് രംഗത്ത് വന്നിരുന്നു. രണ്ടാം പരാജയത്തിൽ തകർന്ന കോൺഗ്രസിനെ തങ്ങൾ ഉയർത്തിക്കൊണ്ടു വരുമ്പോൾ അതിനെ തകർക്കുന്ന അജണ്ടയാണ് ഇപ്പോൾ നടക്കുന്നത്. അത് ആരു നടത്തിയാലും അനുവദിക്കാൻ കഴിയില്ല.മാധ്യമങ്ങൾ ഊതി വീർപ്പിക്കുന്ന ബലൂണുകൾ ഒറ്റക്കുത്തിന് പൊട്ടുമെന്നും എന്നാൽ തങ്ങൾ അങ്ങനെ പൊട്ടുന്നവർ അല്ലെന്നും തരൂരിനെ ലക്ഷ്യമിട്ട് സതീശൻ തുറന്നടിച്ചു.
.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam