
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ അതൃപ്തി തുടരുന്നു. എറണാകുളത്ത് നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പ്രസ്താവനയെ മുതിർന്ന നേതാക്കൾ തന്നെ തള്ളുകയാണ്. അത്തരം ചർച്ചകൾക്കുള്ള സമയമല്ല ഇപ്പോഴെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്. അതേസമയം സോഷ്യൽ മീഡിയയിൽ സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അർഹൻ എന്ന് യുഡിഎഫ് പ്രവർത്തകർ വ്യാപകമായി പോസ്റ്റിടുന്നുണ്ട്. മുഖ്യമന്ത്രി ആരാകണമെന്നുള്ള ചർച്ചക്ക് സമയമായിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ പി അനിൽകുമാറും പറഞ്ഞു. അതേസമയം, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം ഉണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകട്ടെ എന്ന് തൻ്റെ നേതാവിനെ ഉദ്ദേശിച്ച് ഷിയാസ് പറഞ്ഞതാണ് കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തുടക്കമിട്ടത്. പെട്ടി പൊട്ടിക്കും മുമ്പെ കോൺഗ്രസിൻ്റെ പതിവ് തുടങ്ങിയെന്ന മട്ടിലാണ് മുഖ്യമന്ത്രി ചർച്ചകൾ. റെക്കോർഡ് പോളിംഗ് വൻ തരംഗമാണെന്ന് വിലയിരുത്തുന്ന യുഡിഎഫിൻ്റെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കും വിധമാണ് അവകാശവാദങ്ങൾ. അപകടം മണത്താണ് അതിവേഗം അടിനിർത്തണമെന്ന പൊതുവികാരം മുതിർന്ന നേതാക്കൾക്കിടിയിലുണ്ടായത്. നാണം കെടുത്തരുതെന്ന മട്ടിലാണ് നേതാക്കൾ പരസ്യ ചർച്ചകൾ തള്ളുന്നത്.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം ഉണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പിയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പല കോൺഗ്രസ് നേതാക്കന്മാരും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. നേതാക്കൾ ഉണ്ടാക്കിയ ബുദ്ധിമുട്ട് സഹിച്ച് സഹിഷുണതോടെ നിന്നത് കോൺഗ്രസ് നിലനിൽക്കണം എന്നത് കൊണ്ടാണ്. സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം കാര്യങ്ങൾ തുറന്ന് പറയുമെന്നും ഇത്തവണ യുഡിഎഫ് 111 സീറ്റുകൾ വരെ നേടാനാണ് സാധ്യതയെന്നും രാജ്മോഹൻ ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുഖ്യമന്ത്രി ആരാകണമെന്നുള്ള ചർച്ചക്ക് സമയമായിട്ടില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ പി അനിൽകുമാർ പ്രതികരിച്ചു. മുഖ്യമന്ത്രി ആരാകണമെന്നുള്ള ചർച്ചക്ക് സമയമായിട്ടില്ല. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ പാർട്ടിക്ക് ഒരു സിസ്റ്റമുണ്ട്. മുഹമ്മദ് ഷിയാസ് നടത്തിയത് വ്യക്തിപരമായ അഭിപ്രായം. അതിനപ്പുറത്തേക്ക് ആ അഭിപ്രായത്തെ കാണണ്ടെന്നും അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുഖ്യമന്ത്രി പരാമർശത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ തള്ളി കെ ബാബുവും രംഗത്തെത്തി. എറണാകുളത്ത് നിന്ന് ഒരു മുഖ്യമന്ത്രി വേണം എന്നല്ല, കോൺഗ്രസിന് ഒരു മുഖ്യമന്ത്രി വേണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പ്രാദേശിക നേതാക്കള്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല; മുഖ്യന്ത്രിയെ തീരുമാനിക്കാന്‍ നടപ്പ് രീതികളുണ്ടെന്നും കെ ബാബു പറഞ്ഞു. എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി വേണമെന്ന ഷിയാസിന്റെ പ്രതികരണം വ്യക്തിപരമെന്ന് ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവ് ഡൊമനിക് പ്രസന്റേഷൻ പ്രതികരിച്ചു. കേരളത്തിന്റെ പുതിയ സാഹചര്യത്തിന് പറ്റിയ ഒരു മുഖ്യമന്ത്രിയെ ഹൈകമാൻഡ് തീരുമാനിക്കും. എറണാകുളം ജില്ലയിലെ മുഴുവൻ സീറ്റും യുഡിഎഫ് നേടുമെന്നും ഡൊമനിക് പ്രസന്റേഷൻ അവകാശപ്പെട്ടു.
മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കേണ്ട സമയമായിട്ടില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ചർച്ച നടത്തേണ്ട സമയത്ത് അത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മാധ്യമങ്ങൾ ചോദിച്ച് ഉണ്ടാക്കുന്ന ചർച്ചയാണ് പലതുമെന്നും മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് കോൺഗ്രസ് അഭിപ്രായം തേടുമ്പോൾ ലീഗ് മറുപടി നൽകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സഭയ്ക്കെതിരായ ബിജെപി നേതാക്കളുടെ വിമർശനത്തിലും അദ്ദേഹം പ്രതികരിച്ചു. സൗഹൃദം നടിക്കുന്നവരൊക്കെ വരും, പോകും. യുഡിഎഫിന് സഭയോടുള്ള സമീപനം എന്നും പോസിറ്റീവാണ്. സഭകളോട് പരമ്പരാഗതമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് യുഡിഎഫ്. അതിന് ഒരുകാലത്തും മാറ്റം വന്നിട്ടില്ലെന്നും ഇനി മാറ്റം വരികയുമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam