മുഖ്യമന്ത്രി ആര്? തീരുമാനം ഹൈക്കമാന്‍ഡിന്, എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി നിയമസഭ കക്ഷി യോഗം

Published : May 07, 2026, 12:31 PM IST
kpcc office

Synopsis

ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കി. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണ്ണായക നീക്കങ്ങളിലേക്ക് കടന്ന് കോൺഗ്രസ്. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കി. ഹൈക്കമാൻഡ് പ്രതിനിധികൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദില്ലിയിൽ നിന്നായിരിക്കും മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, മുഖ്യമന്ത്രി ആരാകണമെന്നതിൽ തീരുമാനമെടുക്കാന്‍ എംഎൽഎമാരുമായി കൂടിക്കാഴ്ച തുടങ്ങി ഹൈക്കമാൻഡ് നിരീക്ഷകർ. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണും. എംഎൽഎമാരുടെ അഭിപ്രായത്തിന് പുറമെ ഘടകകക്ഷി നേതാക്കളുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നിലപാടുകൾ നിരീക്ഷകർ തേടും. നിരീക്ഷകർ തിരികെ ദില്ലിയിൽ എത്തിയശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. അതേസമയം, കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുതെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക.

കടുത്ത നിലപാടിൽ വി ഡി സതീശൻ

തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനങ്ങൾ വേണ്ടെന്ന കടുത്ത നിലപാടിൽ വി ഡി സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഇക്കാര്യം അദ്ദേഹം അറിയിച്ചു. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്നാണ് വി ഡി സതീശൻ പറയുന്നത്. വിഎസിൻ്റെയും മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സതീശന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നേതാവിന് കാഴ്ചപ്പാടാണ് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടന ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നതെന്നും അഭിമുഖത്തിൽ സതീശൻ പറയുന്നു.

പിന്മാറില്ലെന്ന് കെ സി വേണുഗോപാല്‍

മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുകൂലിക്കുന്ന എംഎൽഎമാരോട് കെ സി വേണുഗോപാല്‍ അറിയിച്ചു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിച്ചാൽ രാഹുലിന്റെ അനുമതി കിട്ടുമെന്ന പ്രതീഷയിലാണ് കെ സി ക്യാമ്പ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിലപാട് കടുപ്പിച്ച് വിഡി സതീശൻ; `മുഖ്യമന്ത്രിയാക്കണം, മറ്റ് സ്ഥാനമാനങ്ങൾ വേണ്ട'; ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്നും ദേശീയ മാധ്യമത്തിന് അഭിമുഖം
മുഖ്യമന്ത്രി ആരാകണമെന്നതിൽ അഭിപ്രായം പറഞ്ഞ് പ്രൊഫ കെവി തോമസ്; 'സംസ്ഥാനത്തെ ജനവികാരം സതീശനൊപ്പം'