
കോട്ടയം: പാലാ നഗരസഭയിൽ സമവായ ചർച്ചകൾക്ക് വഴങ്ങാതെ കോൺഗ്രസ് കൗൺസിലർമാർ. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ചു മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപറമ്പിൽ പ്രതികരിച്ചു. കൗൺസിലർമാർ പറഞ്ഞ ആവശ്യം അംഗീകരിച്ചാൽ മാത്രമേ സഹകരിച്ചു പോകു എന്നാണ് നിലപാട്. നേതാക്കൾ നടത്തിയ ചർച്ചയിൽ ചെയര്പേഴ്സനിൽ വിശ്വാസം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. ആർക്കും അടിമപ്പെട്ട് മുന്നോട്ട് പോകാൻ കോൺഗ്രസിന് കഴിയില്ലെന്നും കോൺഗ്രസ് കൗൺസിലർമാർ ഒറ്റകെട്ടാണ് എന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു.
പാലാ നഗരസഭയിലെ യുഡിഎഫിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇന്നലെ മാണി സി കാപ്പന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം ആയില്ല. സ്വതന്ത്ര കൂട്ടായ്മക്കെതിരെ കോൺഗ്രസ് കൗൺസിലർമാർ നിലപാട് കടുപ്പിക്കുകയാണ്. കോൺഗ്രസ് ജില്ലാ നേതൃത്വവും കൗൺസിലർമാരായി ചർച്ച നടത്തും. അതേസമയം ഭരണ പ്രതിസന്ധി ആരോപിച്ച് ബിജെപി ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ തകര്‍ത്ത് ഭരണ പിടിച്ച പാലാ നഗരസഭയിൽ യുഡിഎഫിൽ പരസ്യ പോരാണ് നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് 3 പൊലീസുകാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴി എടുത്തിട്ടും ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണം ഉൾപ്പെടെയുള്ള കള്ളക്കേസ് ചെയർപേഴ്സൺ കൊടുക്കുകയും കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച് വരുത്തി വാർത്ത നൽകി അപമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ ബിനുവിലും സ്വതന്ത്ര കൂട്ടായ്മയിലും ഉള്ള വിശ്വാസം ഞങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കത്തിൽ പറയുന്നു.
അതേസമയം, കോൺഗ്രസ് ആവശ്യപ്പെട്ടാൽ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് പാലാ നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന് വിശ്വാസമില്ലെങ്കിൽ അധികാരത്തിൽ തുടരില്ലെന്ന് കൗൺസിലർ ബിനു പുളിക്കകണ്ടം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവിശ്വാസപ്രമേയത്തിന് പോലും കാത്തുനിൽക്കില്ലെന്നും ഒറ്റവരി കത്ത് തന്നാൽ ഒഴിയാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam