
കണ്ണൂര്‍: പീഡന കേസിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു കൃഷ്ണകുമാര്‍. ഇന്നലെ രാത്രിയാണ് എ സി പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറാണ് പി വി കൃഷ്ണകുമാർ. ജൂലൈ 20 നാണ് കൃഷ്‌ണകുമാർ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയാണ് കൃഷ്‌ണകുമാർ. എസിപി, ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല.
കൃഷ്ണകുമാർ സംസ്ഥാനം വിട്ടെന്ന് ഉറപ്പായതോടെ നേരത്തെ തന്നെ തമിഴ്നാട്ടിലും കർണാടകയിലെ വിവിധയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാവാത്തത് പൊലീസിന് തലവേദനയായിരുന്നു. ഇടതു വനിത സംഘടനകളടക്കം കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. കൗൺസിലർ സ്ഥാനം രാജി വെപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് ജില്ലാ കമ്മറ്റി കോർപ്പറേഷൻ ഓഫീസ് ധർണ നടത്തുകയും ചെയ്തു. എന്നാൽ കൃഷ്ണകുമാര്‍ ഇതുവരെ സ്ഥാനം രാജിവച്ചിട്ടില്ല. രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കിയ കൃഷ്ണകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
കോഴിക്കോട്: അഴീക്കോട് മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് തൊഴിലാളിയെ കാണാതായി. എറിയാട് ചന്തക്ക് പടിഞ്ഞാറ് വശം കാര്യേഴ്ത്ത സുധി (42) യാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് വശത്തായിരുന്നു സംഭവം. നൂറുൽ ഹുദാ എന്ന ഫൈബർ വള്ളത്തിൽ മറ്റു തൊഴിലാളികൾക്കൊപ്പം മത്സ്യ ബന്ധനം നടത്തുന്നതിനിടയിലാണ് സുധി കടലിൽ വീണത്. അഴീക്കോട് തീരദേശ പൊലീസിൻ്റെ നേതൃത്വത്തിൽ ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam