രാജി ആവശ്യത്തിൽ സതീശനടക്കമുള്ളവർ കടുത്ത നിലപാടിൽ തന്നെ, രാജി വെക്കില്ലെന്ന് രാഹുൽ, സംരക്ഷണം തീർത്ത് ഷാഫി; കോൺഗ്രസിൽ ഇനിയെന്ത്?

Published : Aug 23, 2025, 04:22 PM IST
rahul shafi

Synopsis

പാർട്ടിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാഹുലിനെ എം എൽ എ സ്ഥാനം രാജിവെപ്പിക്കാൻ  സതീശൻ നീക്കം നടത്തുമ്പോൾ അനുവദിക്കുന്നില്ല എന്നുള്ള പരസ്യ പ്രസ്താവനയാണ് ഇന്ന് ഷാഫിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്

തിരുവനന്തപുരം: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എം എൽ എ സ്ഥാനത്തിലും രാജി ആവശ്യം ശക്തമാകുമ്പോൾ കോൺഗ്രസിൽ പ്രശ്നം രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റു ചില നേതാക്കളും രാഹുലിന്‍റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുമ്പോഴും എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവയ്ക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന് പറഞ്ഞ് രാഹുലിന് ഷാഫി പറമ്പിൽ എം പി സംരക്ഷണം തീർക്കുകയും ചെയ്തു. രാജി എന്തിനെന്ന ചോദ്യമാണ് കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉയർത്തുന്നത്. ഇതോടെ കോൺഗ്രസിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.

വിശദ വിവരങ്ങൾ

പാർട്ടിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാഹുലിനെ എം എൽ എ സ്ഥാനം രാജിവെപ്പിക്കാൻ വി ഡി സതീശൻ നീക്കം നടത്തുമ്പോൾ അനുവദിക്കുന്നില്ല എന്നുള്ള പരസ്യ പ്രസ്താവനയാണ് ഇന്ന് കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ ഷാഫി പറമ്പിലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി പറയാറുള്ള ഷാഫി പറമ്പിൽ പക്ഷേ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാമായിരുന്നു. രാഹുലും താനും തമ്മിലുള്ള കൂട്ടുകെട്ട് പാർട്ടിയുടെ പ്രതിച്ഛായയേക്കാൾ വലുതാണ് എന്ന സൂചന നൽകാനാണ് ഷാഫി ശ്രമിച്ചത്. ഒരു ഗൗരവമുള്ള വിഷയമാണ് നടന്നത് എന്ന് പോലും അംഗീകരിക്കാൻ ഷാഫി മടികാട്ടുന്നതും കാണാമായിരുന്നു. രാജിയുടെ ചോദ്യം ഉദിക്കുന്നില്ല എന്നാണ് രാഹുൽ മങ്കൂട്ടത്തിൽ അറിയിക്കുന്നത്. അങ്ങനെ രാജിവെക്കാൻ ഒരുക്കമല്ല എന്ന് രാഹുൽ നിലപാടെടുക്കുന്നത് ഷാഫിയുടെ കൂടി പിന്തുണയുടെ ബലത്തിലാണെന്ന് സാരം. ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കൾ തന്ത്രപരമായ സമീപനം സ്വീകരിക്കുമ്പോൾ ദീപ ദാസ് മുൻഷി ഇനി നടപടികൾ ഉണ്ടാകില്ല എന്ന സൂചനയാണ് നൽകുന്നത്. ചുരുക്കത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിക്കാര്യം പാർട്ടിക്കകത്ത് ഒരു തർക്കവിഷയമായി മാറുകയാണ്. സി പി എമ്മിനെ പ്രീണിപ്പെടുത്താനാണ് സതീശൻ ശ്രമിക്കുന്നത് എന്ന വാദം ഉയർത്തിക്കൊണ്ടു വരാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് വരെ വിഷയം നീട്ടിക്കൊണ്ട് പോയാൽ പാലക്കാട് മാത്രമല്ല സംസ്ഥാനത്ത് ഒട്ടാകെ യു ഡി എഫിന് തലവേദന ഉണ്ടാകുമെന്നാണ് മറുഭാഗത്തിന്റെ വിലയിരുത്തൽ.

സംരക്ഷിച്ചു വളര്‍ത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരസ്യമായി കൈവിട്ടത്. വിശ്വസിച്ചു കൊണ്ടു നടന്ന യുവനേതാവിനെതിരെ നിര നിരയായുള്ള വെളിപ്പെടുത്തലുകളും പരാതികളും വരുന്നതിന്‍റെ അമര്‍ഷത്തിലും വിഷമത്തിലുമാണ് സതീശൻ. നൽകിയ സ്ഥാനമാനങ്ങളോടും അവസരങ്ങളോടും ഉത്തരവാദിത്തം കാട്ടാത്ത ഒരാള്‍ ഇനി തന്‍റെ ടീമിൽ വേണ്ടെന്ന നിലപാടിലേയ്ക്ക് പ്രതിപക്ഷ നേതാവ് മാറിയെന്ന് സാരം. രാഹുലിനെ സംരക്ഷിച്ചെന്ന വിമര്‍ശനം പാര്‍ട്ടിയിൽ ശക്തമാകുമ്പോഴാണ് യുവനേതാവിനെ സതീശൻ പരസ്യമായി കൈവിട്ടത്. എം എൽ എ സ്ഥാനം രാജിവച്ചാൽ എതിരാളികളുടെ വായടപ്പിച്ച് പാര്‍ട്ടിക്ക് മുന്നേറാമെന്നാണ് കണക്കു കൂട്ടൽ. സാങ്കേതികത്വം പറഞ്ഞു നിന്നാൽ കൂടുതൽ കുഴപ്പത്തിലേയ്ക്കും നാണക്കേടിലേയ്ക്കും പാര്‍ട്ടി പോകുമെന്നും പ്രതിപക്ഷ നേതാവ് വിലയിരുത്തുന്നു. രാഹുൽ വിഷയം അടിമുടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. അതിൽ നിന്ന് പുറത്ത് കടന്ന് മുന്നേറാൻ എം എൽ എ സ്ഥാനത്ത് നിന്ന് രാജി കൊണ്ടേ കഴിയൂവെന്ന വാദമാണ് സതീശനടക്കമുള്ളവർ മുന്നോട്ട് വയ്ക്കുന്നത്. അത് നിയമസഭയിലും പുറത്തും പാര്‍ട്ടിക്ക് എതിരാളികളെ തിരിച്ചടിക്കാനുള്ള നല്ല ആയുധമാകുമെന്നാണ് ഇവരുടെ പക്ഷം. എന്തായാലും രാജിയുണ്ടാകുമോ എന്നത് കണ്ടറിയണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു