
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തിലൂടെ അധികാരത്തിലേറ്റിയ ജനങ്ങളോട് കോൺഗ്രസ് നീതി പുലർത്തുന്നില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ജനങ്ങളോടുള്ള നീതി നിഷേധമാണിതെന്നും തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ബാധ്യതയും നിറവേറ്റാൻ കോൺഗ്രസിന് കഴിയുന്നില്ല. ഭരണത്തുടർച്ച നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും സംഘടനാ ഭാരവാഹികൾ നൽകുന്ന ലിസ്റ്റ് അനുസരിച്ച് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചില ഉദ്യോഗസ്ഥരെ നിർബന്ധപൂർവ്വം അവധിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യം ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ആദ്യം കോൺഗ്രസ് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രതിപക്ഷ ഉപനേതൃസ്ഥാനം സി പി ഐ ആവശ്യപ്പെട്ട കാര്യം തനിക്കറിയില്ലെന്നും അത്തരമൊരു ആവശ്യം ഇതുവരെ എൽ ഡി എഫിൽ ഉന്നയിച്ചിട്ടില്ലെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സി പി ഐക്ക് എന്തെങ്കിലും ഡിമാൻഡ് ഉണ്ടെങ്കിൽ അത് അവരോട് തന്നെ ചോദിക്കണമെന്നും ഇതിൽ സി പി എമ്മാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സപ്ലൈകോയിലെ അരി വിലയിലുണ്ടായ മാറ്റത്തെയും ആശാ പ്രവർത്തകരുടെ സമരത്തോട് സി പി ഐ സ്വീകരിച്ച നിലപാടിനെയും അദ്ദേഹം പരാമർശിച്ചു. ആശാ സമരത്തെ വിമർശിച്ചത് സി പി ഐയുടെ സ്വന്തം നിലപാടാണെന്നും അതിനെക്കുറിച്ച് അവർ തന്നെ വിശദീകരിക്കണമെന്നും കൺവീനർ പറഞ്ഞു. സമരത്തോടുള്ള സമീപനം തെറ്റാണെന്ന നിലപാട് മുന്നണി എടുത്തിട്ടില്ല. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകേണ്ടെന്ന നിലപാട് സി പി ഐ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും തനിക്ക് അറിവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam