'വോട്ടിന് നോട്ട് മാത്രമല്ല, സാരിയും', ചിത്രങ്ങൾ പുറത്ത്; ശോഭ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി പരാതി നൽകി കോൺഗ്രസ്

Published : Apr 08, 2026, 02:33 PM IST
Sobha Surendran live

Synopsis

പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ വോട്ടിനായി പണവും സാരിയും വിതരണം ചെയ്തുവെന്ന് ആരോപണം. ബിജെപി പ്രവർത്തകർ സാരി നൽകുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ, കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

പാലക്കാട്: വോട്ടിന് നോട്ട് ആരോപണത്തിന് പിന്നാലെ പാലക്കാട് എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ വോട്ടിന് സാരി വിതരണം ചെയ്തെന്നും പരാതി. പാലക്കാട് മണ്ഡലത്തിലെ വിവിധ മേഖലകളിൽ ഇത്തരത്തിൽ വോട്ടിനായി ശോഭ സുരേന്ദ്രൻ പണവും സാരിയും നൽകുന്നുവെന്ന് സി പി എമ്മും കോൺഗ്രസും ആരോപണം ഉയർത്തിയിരുന്നു. ഇന്നാണ് ഇതിന്‍റെ ചില ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പിരിയാരിയിലെ വീട്ടുകളിൽ ബി ജെ പി പ്രവർത്തകർ സാരി നൽകുന്നതിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എൻ ഡി എ സ്ഥാനാർഥി നേരിട്ടെത്തി സാരി വിതരണം ചെയ്തു എന്ന ആരോപണവും ഉണ്ട്. എന്നാൽ ശോഭ സുരേന്ദ്രൻ നേരിട്ട് സാരി വിതരണം ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല. കൊട്ടിക്കലാശത്തിൽ പങ്കെടുത്ത സ്ത്രീകൾ ഒരേ പോലുള്ള സാരി ധരിച്ചെത്തിയതിലും ആക്ഷേപമുണ്ട്. എൻ ഡി എ കേന്ദ്രങ്ങളിൽ നിന്ന് കൈമാറിയ സാരിയാണ് ഇതെന്നാണ് ആക്ഷേപം. വോട്ടിന് നോട്ടും സാരിയും വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്, തെരഞെടുപ്പ് കമ്മീഷനും പാലക്കാട് എസ് പിക്കും പരാതി നൽകുകയും ചെയ്തു. വരും മണിക്കൂറിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

വോട്ടിന് നോട്ട് ആരോപണം നിഷേധിച്ച് വയോധിക

അതേസമയം പാലക്കാട് ബി ജെ പിക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തിൽ പ്രാഥമിക പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും. സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ സ്ത്രീ വയോധികക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെടുകയായിരുന്നു. ബി ജെ പി പ്രവർത്തക പണം നൽകിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പരിശോധനയിൽ പറഞ്ഞതെന്ന് വീട്ടിലെത്തി അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൈസയൊന്നും തന്നിട്ടില്ലെന്നും ദൃശ്യങ്ങളിൽ കാണുന്ന പണം അവരുടെ കയ്യിൽ ഉണ്ടായിരുന്നതാണെന്നും വീട്ടുകാർ വിവരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുറത്തുനിന്നും വന്നവർ പണം തന്നിട്ടില്ലെന്നും അവർ പറഞ്ഞതായി ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാധ്യമങ്ങളോട് ആദ്യം പണം ലഭിച്ചെന്ന് പറഞ്ഞതടക്കം ചൂണ്ടിക്കാട്ടിയപ്പോൾ, ഞങ്ങളോട് പണം തന്നിട്ടില്ലെന്നാണ് വയോധിക മറുപടി നൽകിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ശേഷം തുടർ നടപടിയുണ്ടാകുമെന്നും അവർ വിവരിച്ചു. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബി ജെ പി പ്രവർത്തകർ പണം നൽകിയതായി ആരോപിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലക്ഷ്യം 85 ശതമാനം പോളിംഗ്; വിപുലമായ ക്രമീകരണങ്ങൾ നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഇടുക്കിയിലെ മിടുക്കര്‍ ആരാകും? കാത്തിരിക്കുന്നത് കനത്ത പോരാട്ടം