
പത്തനംതിട്ട: അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിവി ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടറുടെ നിര്‍ദേശം. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിര്‍ദേശം നൽകിയത്. സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കിയുള്ള ലഘുലേഖ പ്രചരിപ്പിച്ചതിൽ സിപിഐക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദേശം നൽകിയത്.
അപവാദ പ്രചാരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരെ നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. സിപിഐ ഉപരോധത്തെതുടർന്നാണ് കസ്റ്റഡിയിലുള്ളവരെ വിട്ടയച്ചത്. ആർഡി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടികരഞ്ഞിരുന്നു. ഇല്ലാത്ത കേസിൽ കുടക്കാൻ ശ്രമമെന്നാണ് ശാന്തകുമാര്‍ പറയുന്നത്. വ്യാജ ആരോപണം ഉന്നയിച്ച് തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് സി വി ശാന്തകുമാർ വൈകാരികമായി പ്രതികരിച്ചു. എന്നാൽ, ലഘുലേഖയിൽ പങ്കില്ലെന്നും പൊലീസ് നിരപരാധികളെ വേട്ടയാടുന്നുവെന്നും എൽ ഡി എഫ് ആരോപിച്ചു. വികസനം ചർച്ചയാകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവാദമെന്നും എൽ ഡി എഫ് വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും നാടകം കളിക്കുകയാണെന്ന് ബിജെപി സ്ഥാനാർഥി പന്തളം പ്രതാപൻ ആരോപിച്ചു.
വോട്ടടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് വികസനചർച്ചകൾ അപ്രസക്തമാക്കി അടൂരിൽ ലഘുലേഖ വിവാദം ആളിപടർന്നത്. പരസ്യ പ്രചരണം അവസാനിച്ചതിനു പിന്നാലെ സി വി ശാന്തകുമാറിനെതിരെ കൊലക്കേസ് പ്രതി സ്ഥാനാർഥി എന്ന തലവാചകത്തിൽ ആണ് ലഘുലേഖ വിതരണം ചെയ്യപ്പെട്ടത്. 2008ലെ കല്ലേലി രാമചന്ദ്രൻ വധകേസിൽ ശാന്തകുമാർ ഒന്നാംപ്രതി ആയിരുന്നുവെന്നാണ് ലഘുലേഖയുടെ ഉള്ളടക്കം. ശാന്തകുമാർ കളക്ടർക്ക് പരാതി നൽകിയതോടെയാണ് അഞ്ച് സിപിഐ പ്രവർത്തകർ പിടിയിലായത്. വ്യാജ നോട്ടീസ് വിതരണം ചെയ്ത് സിപിഐ പ്രവർത്തകർ ലഹളയ്ക്ക് ശ്രമിച്ചെന്നായിരുന്നു എഫ്ഐആർ. കസ്റ്റഡിയിൽ എടുത്തവരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ സിപിഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തിനു പിന്നാലെ കസ്റ്റഡിയിൽ എടുത്തവരെ നോട്ടീസ് നൽകി പൊലീസ് വിട്ടയച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam