
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്ത്. കേസിലെ പ്രതി റിജിലിന് ഉന്നതരുടെ ഒത്താശയുണ്ട്. സംഭവത്തിലെ ദുരൂഹതകൾ നീക്കണം. അതിനാൽ കേസന്വേഷണം സിബിഐക്ക് വിടണം. എല്ലാം അവസാനിച്ചെന്നാണ് മേയർ പറയുന്നത്. ഒന്നും അവസാനിച്ചിട്ടില്ല. ഉന്നത ഉദ്യോഗസ്ഥർ, കോർപറേഷൻ ജീവനക്കാർ, ഭരണ കക്ഷി യിലെ ആളുകൾ എന്നിവരുടെ പങ്ക് സംശയിക്കുന്നുണ്ടെന്നും അതിനാൽ സമഗ്രമായ അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ആവശ്യപ്പെട്ടു.
നേരത്തെ ബിജെപി ജില്ലാ പ്രസിഡന്റും ഇതേ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം കദനകഥ മെനയുകയാണെന്ന് ആരോപിച്ച അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് മുഴുവൻ പണവും കോഴിക്കോട് കോർപറേഷന് തിരികെ നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് റിജിലിന്റെ അറസ്റ്റ് നടന്നത്. ഇതിൽ ദുരൂഹതയുണ്ട്. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കാൻ വേണ്ടിയാണ് റിജിൽ തട്ടിപ്പ് നടത്തിയതെന്ന കഥ ക്രൈം ബ്രാഞ്ച് മെനഞ്ഞതാണ്. ഇത്ര വലിയ തട്ടിപ്പായിരുന്നിട്ടും കേസന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
റിജിലിനെ ഇന്നലെയാണ് ഏരിമലയിലെ ബന്ധു വീട്ടില്‍ നിന്ന് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച റിജിലന്‍റെ അറസ്റ്റ് രാത്രി ഏഴരയോടെ രേഖപ്പെടുത്തി. തട്ടിപ്പിനെക്കുറിച്ചുളള ചോദ്യങ്ങളോട് റിജില്‍ പ്രതികരിച്ചില്ല. കോഴിക്കോട് കോര്‍പ്പറേഷന്‍റെ എട്ട് അക്കൗണ്ടുകളില്‍ നിന്നായി 12.68 കോടി രൂപയാണ് റിജില്‍ തട്ടിയെടുത്തത്. സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലും തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. റിജിലിന് തട്ടിപ്പ് നടത്താനായി മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ പണം ചെലവഴിച്ചത് എന്തെല്ലാം കാര്യങ്ങള്‍ക്ക് തുടങ്ങിയ വിവരങ്ങളെല്ലാം അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. അതിനിടെ, തട്ടിപ്പിലൂടെ ബാങ്കിന് നഷ്ടമായ 10.07 കോടി രൂപ ഇന്നലെ കോര്‍പറേഷന്‍റെ അക്കൗണ്ടുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കി തിരികെ നിക്ഷേപിച്ചു. പിഎന്‍ബി ഡയറക്ടര്‍ ബോർഡ് തുക തിരിച്ച് നൽകാൻ അനുമതി നൽകിയതോടെയാണ് പണം കോര്‍പറേഷന്‍റെ അക്കൗണ്ടുകളില്‍ എത്തിയത്. റിജില്‍ തട്ടിയെടുത്ത 2.53 കോടി രൂപ പിഎന്‍ബി കോര്‍പറേഷന് തിരികെ നല്‍കിയിരുന്നു.