
കട്ടപ്പന: പോളിംഗിന് പിന്നാലെ ഇടുക്കി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും തുടങ്ങി. കട്ടപ്പന നഗരസഭയിൽ ഐ ഗ്രൂപ്പ് ഏകപക്ഷീയമായി ഇടപെടുന്നുവെന്നാരോപിച്ചാണ് എ ഗ്രൂപ്പ് കാരനായ വൈസ് ചെയർമാൻ ജോയ് വെട്ടിക്കുഴിയുടെ രാജി. കൌണ്സിലർമാരോട് കൂടിയാലോചിക്കാതെയാണ് രാജിയെന്നാരോപിച്ച് ഐ ഗ്രൂപ്പും രംഗത്തെത്തി.
ഗ്രൂപ്പ് പോരിൽ തുടക്കം മുതൽ കലുഷിതമായ കട്ടപ്പന നഗരസഭയിലെ ഭരണം ഒടുവിൽ പൊട്ടിത്തെറിയിൽ. ഐ ഗ്രൂപ്പ് കാരിയായ ചെയർപേഴ്സണ് ബീന ജോബി ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനെച്ചൊല്ലിയായിരുന്നു ഏറ്റവും ഒടുവിലെ തർക്കം.സിപിഎം,ബിജെപി നോമിനികളെ അംഗീകരിച്ച ബീന ജോബി എ ഗ്രൂപ്പിനെ പാടെ വെട്ടി. ഇതും കൂടി ആയതോടെയാണ് വൈസ് ചെയർമാൻ ജോയ് വെട്ടിക്കുഴി രാജി വച്ചത്.
എന്നാൽ കൌണ്സിലർമാരെ അറിയിക്കാതെയുള്ള രാജി ആയുധമാക്കുകയാണ് ഐ ഗ്രൂപ്പ്. അതേസമയം ഡിസിസി നേതൃത്വത്തെ അറിയിച്ചാണ് തന്റെ രാജിയെന്നാണ് ജോയ് വെട്ടിക്കുഴിയുടെ മറുപടി. വലിയ ഭൂരിപക്ഷത്തിൽ കട്ടപ്പന നഗരസഭ പിടിച്ച യുഡിഎഫിന് കോണ്ഗ്രസിലെ ഗ്രൂപ്പ് പോര് വരുംദിവസങ്ങളിൽ തലവേദനയാകുമെന്നുറപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam