
ദില്ലി: കെപിസിസി പുനഃസംഘടന സംബന്ധിച്ച അന്തിമ ചർച്ചകൾക്കായി ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചു. തർക്കം തീരാത്ത സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഇടപെടലുണ്ടായിരിക്കുന്നത്. ജംബോ പട്ടിക ഒഴിവാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായാണ് സൂചന.
വി എം സുധീരനടക്കം ഗ്രൂപ്പില്ലാത്ത നേതാക്കളും, പോഷക സംഘടനാ നേതാക്കളും, എംപിമാരും കൂടി നൽകിയ പട്ടികകൾ പരിഗണിച്ചാൽ നൂറോളം ഭാരവാഹികൾ ലിസ്റ്റിൽ ഉണ്ടാകും. നാല് വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എ ഐ ഗ്രൂപ്പുകള്‍ നല്‍കിയത് രണ്ട് പേരുടെ വീതം പട്ടിക, 30 ജനറല്‍സെക്രട്ടറിമാര്‍ക്കായി 15 പേരുടെ വീതം പട്ടിക, 60 സെക്രട്ടറിമാര്‍ക്കായി മുപ്പത് വീതവും. ട്രഷറര്‍ സ്ഥാനത്തിനായി പിടിവലി വേറെയാണ്. മറ്റുള്ളവരെ എവിടെ ഉള്‍പ്പെടുത്തുമെന്ന കെപിസിസി അധ്യക്ഷന്‍റെ ചോദ്യത്തിന് ഉമ്മന്‍ചാണ്ടിയോ, ചെന്നിത്തലയോ മുഖം കൊടുത്തിട്ടില്ല. പട്ടികയിലിടം നേടിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ വെട്ടാനും ഗ്രൂപ്പ് നേതാക്കള്‍ തയ്യാറല്ല.
ഗ്രൂപ്പുകള്‍ക്ക് പുറമെ വിഎം സുധീരന്‍, പിസി ചാക്കോ തുടങ്ങി ഗ്രൂപ്പില്ലാത്ത നേതാക്കളുടെ വക പട്ടിക വേറെയുമുണ്ട്. ഇതിനെല്ലാം പുറമെയാണ് രാഹുല്‍ ഗാന്ധി ഒഴികെയുള്ള കേരളത്തിലെ എംപിമാരും പട്ടിക നല്‍കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam