ഓടക്കാലി സെന്‍റ് മേരീസ് പള്ളി തർക്കം; പള്ളി ഏറ്റെടുക്കാൻ പൊലീസ് എത്തി

By Web TeamFirst Published Jan 21, 2020, 9:25 AM IST
Highlights

പള്ളി ഏറ്റെടുത്ത് യാക്കോബായ വിഭാഗത്തെ ഏൽപ്പിക്കാൻ ഹൈക്കോടതി പൊലീസിന് അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെയാണ് പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലെത്തിയത്. 

കൊച്ചി: എറണാകുളം പെരുമ്പാവൂ‌‌ർ ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാനായി പൊലീസ് എത്തി. കോടതി ഉത്തരവ് പ്രകാരം പള്ളി ഓർത്തഡോക്സ് സഭയ്ക്ക് കൈമാറേണ്ട സമയം നാളെ അവസാനിക്കാനിരിക്കെയാണ് പൊലീസ് നടപടി. യാക്കോബായ വിഭാഗം പള്ളിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. 

ഏറെക്കാലമായി യാക്കോബായ ഓർത്ത‍ഡോക്സ് തർക്കം നിലനിൽക്കുന്ന ആരാധനാലയമാണ് ഓടക്കാലി സെന്‍റ് മേരീസ് പള്ളി. സുപ്രീം കോടതി വിധി ഓർത്ത‍ഡോക്സ് വിഭാഗത്തിന് അനുകൂലമായിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് പള്ളിയിൽ പ്രവേശിക്കാനായില്ല. വിധി നടപ്പായി കിട്ടുന്നില്ലെന്ന് കാണിച്ച് ഓ‌‌ർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പള്ളി ഏറ്റെടുത്ത് യാക്കോബായ വിഭാഗത്തെ ഏൽപ്പിക്കാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ഈ സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഇന്ന് പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലെത്തിയത്. 

സ്ഥലത്ത് യാക്കോബായ വിശ്വാസികളും വൈദികരുമടക്കമുള്ള ഒരു സംഘം പൊലീസിനെതിരെ പ്രതിഷേധിക്കുകയാണ് ഇപ്പോൾ. പള്ളിയുടെ മുമ്പിലുള്ള ഗേറ്റ് പൊലീസ് പൊളിച്ചു. എന്നാൽ പിരിഞ്ഞ് പോകില്ലെന്നും പള്ളി മറ്റാർക്കും വിട്ടു കൊടുക്കില്ലെന്നുമാണ് യാക്കോബായ വിഭാഗത്തിന്‍റെ ഉറച്ച നിലപാട്. 

click me!