
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിമാരെ താക്കീത് ചെയ്തതിന്‍റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ കലഹം പറഞ്ഞ് തീര്‍ക്കാന്‍ എഐസിസി നേതൃത്വം. വിഷയം ഒത്തുതീർപ്പിലേക്കെത്തണമെന്നാണ് ഇന്ന് ചേര്‍ത്ത യോഗത്തിൽ എഐസിസി നേതൃത്വം നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഏകപക്ഷീയ തീരുമാനങ്ങൾ അനുവദിക്കില്ലെന്ന നിലപാട് എം പിമാർ യോഗത്തില്‍ ആവർത്തിച്ചു.
കെ സുധാകരനെതിരെ അതിരൂക്ഷമായ വിമർശനവും പരാതിയുമാണ് കെ സി വേണുഗോപാലിനെ ഇന്നലെ കണ്ട ഏഴ് എംപിമാർ ഉന്നയിച്ചത്. സംഘടന സംവിധാനം കുത്തഴിഞ്ഞുവെന്നും കീഴ്വഴക്കം ലംഘിച്ച് എഐസിസി അംഗങ്ങളായ എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി അപമാനിച്ചുവെന്നുമാണ് സുധാകരനെതിരെ ഉയരുന്ന പ്രധാന പരാതി. അറ്റാച്ച്ഡ് സെക്രട്ടറി എന്ന പേരിൽ ഒരാളെ നിയമിച്ച് സുധാകരൻ മാറി നിൽക്കുകയാണെന്നും എംപിമാർ പരാതിപ്പെട്ടിരുന്നു. പരാതികള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് കെ സി വേണുഗോപാൽ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഇന്ന് വൈകുന്നേരം ചർച്ച നടന്നത്. അനുനയത്തിന് നീക്കം നടക്കുമ്പോഴും ഇനി മത്സരിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് കെ മുരളീധരന്‍ ആവര്‍ത്തിക്കുന്നത്.