
കൊച്ചി: കേരളത്തിൽ യുഡിഎഫ് ഉയാഡിപ്പ് ഡെമോക്രാറ്റിക് മുന്നണിയായി മാറിയെന്ന് സിപിഎം നേതാവ് എം. സ്വരാജ്. വയനാട് ദുരന്തത്തിൽ പേരിൽ രണ്ടാമതും പണം പിരിച്ച് കൊള്ള നടത്താനാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും സ്വരാജ് ആരോപിച്ചു. കോൺഗ്രസ് പിരിച്ച പണം ജോയിന്റ് അക്കൗണ്ടിൽ ഉണ്ട് എന്നല്ലേ പറഞ്ഞത്. ഓരോ തവണയും കള്ളം പറയുന്നു. ദുരന്തത്തെ വിറ്റു പണം പിരിക്കുന്നവരായി കോൺഗ്രസ് മാറിയെന്നും പ്രളയ കാലത്ത് ആയിരം വീടുകൾ നിർമിക്കാമെന്ന് വാഗ്ദാനം നൽകി കോടിക്കണക്കിന് രൂപ പിരിച്ച് ഒറ്റവീടും നിർമിച്ച് നൽകിയില്ലെന്നും സ്വരാജ് ആരോപിച്ചു. വയനാട് ദുരന്തത്തിന്റെ പേരിൽ ഇപ്പോൾ ഇരട്ടക്കൊള്ള നടത്താനാണ് പദ്ധതി. സ്ഥലം വാങ്ങിയതിലും തട്ടിപ്പ് നടത്തി. അഞ്ചരക്കോടി പിരിച്ചുവെന്നാണ് ഇപ്പോൾ കേൾക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായ കോൺഗ്രസിന് അഞ്ചരക്കോടി രൂപ മാത്രമേ കിട്ടിയുള്ളൂ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ഡിവൈഎഫ്ഐ ആക്രി പെറുക്കിയും കൂലിപ്പണിയെടുത്തും കോൺഗ്രസ് പിരിച്ചതിന്റെ നാലിരട്ടി പണം കണ്ടെത്തിയെന്നും സ്വരാജ് പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്വം വികസനവും ക്ഷേമവും ചർച്ച ചെയ്യുക എന്നതാണ് തുടർച്ചയായി ഭരിക്കുന്നത് നല്ലതല്ല എന്ന പ്രചരണം നടക്കുന്നു. കോൺഗ്രസ്സും ബിജെപിയും അങ്ങനെ പ്രചരിപ്പിക്കുന്നു. 2016 ൽ എൽഡിഎഫ് വന്നില്ലായിരുന്നെങ്കിൽ പകുതി സർക്കാർ സ്കൂളുകളും പൂട്ടിയേനെ. എന്നെങ്കിലും യുഡിഎഫ് അധികാരത്തിൽ വന്നാൽ അപ്പോൾ തന്നെ സ്കൂളുകൾ പൂട്ടാൻ തുടങ്ങും. കഴിഞ്ഞ 10 വർഷത്തിൽ 3 ലക്ഷം യുവതി യുവാക്കളാണ് സർക്കാർ ജോലിക്കാർ ആയത്. അത് മാറണോ?. ഭവനരഹിതർക്ക് വീട് കിട്ടാതെ ആകണോ?
ഇതാണോ മാറ്റം വേണം എന്ന് പറയുന്നവർ ആഗ്രഹിക്കുന്നത്. സർവത്ര അരാജകത്വത്തിന്റെ നാടായി മാറണോ കേരളമെന്നും കേരളത്തിന്റെ ചരിത്രത്തിൽ വർഗീയ സംഘർഷങ്ങൾ ഇല്ലാത്ത 10 കൊല്ലം ഉണ്ടായിട്ടില്ലെന്നും സമാധാനവും വികസനവും മാറുകയല്ല തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞികൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കള്ളന്‍ എന്ന വിശേഷണം വയനാട് ഫണ്ട് മുക്കിയവരെയാണ് ഉദ്ദേശിച്ചതെന്നും സ്വരാജ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam