ആദ്യം തീരാത്ത തര്‍ക്കം, പിന്നാലെ ഒറ്റക്ക് മത്സരിക്കുമെന്ന ഭീഷണി; ഒടുവില്‍ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വഴങ്ങി കോണ്‍ഗ്രസ്

Published : Nov 17, 2025, 10:00 PM IST
Sulthan Bathery local election news

Synopsis

സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഒറ്റക്ക് മത്സരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസ് ധാരണയിലെത്തി. 

സുല്‍ത്താന്‍ബത്തേരി: സുൽത്താൻ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വഴങ്ങി കോണ്‍ഗ്രസ്. നാല് ദിവസം മുമ്പ് തനിച്ചു മത്സരിക്കാന്‍ ഒരുങ്ങി നിന്നതാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ബത്തേരി നഗരസഭയില്‍ ധാരണ പ്രകാരം ആകെയുള്ള ഒരു സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തതോടെയാണ് പിണക്കം ആരംഭിച്ചത്. കഴിഞ്ഞ തവണ ലഭിച്ച തേലംമ്പറ്റയെ ചൊല്ലിയായിരുന്നു കോണ്‍ഗ്രസുമായി കേരള കോണ്‍ഗ്രസ് തര്‍ക്കമുണ്ടായിരുന്നത്. എന്നാല്‍ ജോസഫ് വിഭാഗം നേതാക്കളുടെ ഒറ്റക്ക് മത്സരിക്കുമെന്നുള്ള വെല്ലുവിളിയില്‍ കോണ്‍ഗ്രസ് വഴിക്കുവരികയായിരുന്നു. 

നിലവില്‍ നഗരസഭയുടെ ഭരണം എല്‍ഡിഎഫിന്റെ കൈയ്യിലെത്തിപ്പെട്ടത് വലിയ തിരിച്ചടിയാണ് യുഡിഎഫിന്. ഇത്തവണ കൂടി മുനിസിപ്പല്‍ ഭരണമില്ലാത്ത അവസ്ഥ ലീഗിനും കോണ്‍ഗ്രസിനും ആലോചിക്കാനാവില്ല. അതിനാല്‍ തന്നെ തര്‍ക്കങ്ങള്‍ ഓരോന്നും തീര്‍ത്ത് പ്രചാരണ രംഗത്ത് സജീവമാകാനാണ് നേതാക്കളുടെ തീരുമാനം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തേലംമ്പറ്റ നഷ്ടമായെങ്കിലും മുനിസിപ്പാലിറ്റിയുടെ സിരാകേന്ദ്രം ഉള്‍പ്പെടുന്ന 25-ാം ഡിവിഷന്‍ തന്നെ ലഭിച്ചു. മുന്‍പ് മുസ്ലീംലീഗിന്റെ കൈവശമായിരുന്നു ഈ ഡിവിഷന്‍. എന്നാല്‍ പുതുതായി രൂപീകരിക്കപ്പെട്ട സീക്കുന്ന് മുസ്ലീംലീഗിന് നല്‍കിയ കോണ്‍ഗ്രസ് ടൗണ്‍ വാര്‍ഡ് ഏറ്റെടുക്കുകയായിരുന്നു. തേലംമ്പറ്റ ഡിവിഷന്‍ കൂടി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഏറ്റെടുക്കാനുള്ള നീക്കത്തിനൊടുവിലാണ് ജോസഫ് വിഭാഗം നേതാക്കള്‍ ഇടഞ്ഞത്.

 ഇതോടെ അഞ്ഞൂറിലധികം വോട്ടര്‍മാരുള്ള ടൗണ്‍വാര്‍ഡ് തേലംമ്പറ്റക്ക് പകരം വെച്ചുമാറുകയായിരുന്നു. വനിത സംവരണമായി മാറിയ ഡിവിഷനില്‍ കേരള കോണ്‍ഗ്രസിലെ സുലഭി മോസസ് ആണ് സ്ഥാനാര്‍ഥി. സിപിഎമ്മില്‍ നിന്നുള്ള എല്‍സി പൗലോസ് ആണ് ഇവിടെ എല്‍ഡിഎഫിനായി ജനവിധി തേടുന്നത്. ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം മത്സരം കടുക്കുമെങ്കിലും തങ്ങള്‍ക്ക് വിജയസാധ്യത ഉള്ള ഡിവിഷന്‍ തന്നെയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ.ടി ജോര്‍ജ്, ജില്ലാ സെക്രട്ടറി സ്റ്റീഫന്‍ സാജു, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി ബേബി മോസസ്, ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശിവദാസന്‍, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി.അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ പറഞ്ഞു. 36 ഡിവിഷനുകളുള്ള നഗരസഭയില്‍ 21 ഇടത്ത് കോണ്‍ഗ്രസും 14 ഇടത്ത് മുസ്ലിംലീഗുമാണ് മത്സരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു