
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരും, സിപിഎം നേതാക്കന്മാരും പ്രതിസന്ധിയിലാകുമ്പോഴെല്ലാം തടി തപ്പാൻ പ്രതിപക്ഷത്തിനെതിരെ കള്ളക്കേസുകൾ എടുക്കുന്നത് പതിവായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. അതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെയും, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപിക്ക് എതിരെയുമെല്ലാം കള്ളക്കേസ് എടുത്തിട്ടുള്ളത്. എന്നാൽ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്ന, തെറ്റുകൾ പുറംലോകത്തെ അറിയിക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരെയും കള്ളക്കേസുകൾ എടുക്കുക എന്നതാണ് ആഭ്യന്തര വകുപ്പിന്‍റെറെ പുതിയ രീതിയെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.
ജനാധിപത്യം എന്ന ശ്രീകോവിലിന്‍റെ നാലാം തൂണാണ് മാധ്യമങ്ങൾ. ആ മാധ്യമങ്ങളുടെയും വായടപ്പിച്ച് നെറികേടും, തന്നിഷ്ടവും കാണിച്ച് ഭരിക്കാം എന്നത് സർക്കാരിന്‍റെ ദിവാസ്വപ്നമാണ്. പരീക്ഷ എഴുതാത്ത എസ്എഫ്ഐ നേതാവ് ആർഷോയെ ജയിപ്പിച്ച വാർത്ത പുറത്ത് കൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിയാക്കി എടുത്ത കേസ് അത്തരത്തിലുള്ള നീക്കത്തിന്‍റെ ഭാഗമാണ്. ആർഷോ പരീക്ഷ എഴുതിയില്ല എന്നത് യാഥാർത്ഥ്യമാണ്, ഫലം പുറത്ത് വന്നപ്പോൾ പരീക്ഷ എഴുതാത്ത ആർഷോ വിജയിച്ചു എന്നതും യാഥാർത്ഥ്യമാണ്.
ഇത്തരത്തിലുള്ള വസ്തുതകൾ യാഥാർത്ഥ്യമായി മുന്നിലുള്ളപ്പോൾ ആ വാർത്ത പുറത്ത് എത്തിച്ചതിന്‍റെ പേരിൽ ഒരു മാധ്യമ പ്രവർത്തകയെയും വേട്ടയാടാൻ അനുവദിക്കില്ല- ബിന്ദുകൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിനെതിരെ വാർത്തകൾ നൽകിയാൽ ഇനിയും കേസ് എടുക്കുമെന്നാണ് സിപിഎം സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരിക്കുന്നത്. ഇത് അധികാരത്തിന്‍റെ ഹുങ്കും, ജനങ്ങളോടുള്ള ധാർഷ്ട്യവുമാണ്. ജനാധിപത്യ രാജ്യത്ത് ഇതൊന്നും അനുവദിച്ച് നൽകാൻ കഴിയില്ലെന്ന് മാത്രമല്ല, ശക്തമായ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്യുമെന്ന് ബിന്ദുകൃഷ്ണ വ്യക്തമാക്കി.
Read More : 'പിഎം മുദ്രാ യോജന പദ്ധതിക്ക് കീഴില്‍ 20,55,000 രൂപ ലോണ്‍'; ഫോണിൽ മെസേജ്, സത്യം ഇതാണ്...