
കോഴിക്കോട്: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍. ഹിന്ദി അറിയാവുന്നവർ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് ആവശ്യമാണ്. തനിക്ക് ആ ഭാഷ വഴങ്ങാത്തത് കൊണ്ടാണ് അവിടേക്ക് ശ്രദ്ധിക്കാത്തത്. എന്നാൽ രരമേശ് ചെന്നിത്തലയെ പോലുള്ളവർക്ക്ഹിന്ദി നന്നായി വഴങ്ങുമെന്നും കെ മുരളീധരൻ പറഞ്ഞു. കെ സി വേണുഗോപാലിന് ഹിന്ദി അറിയില്ലെന്ന കോൺഗ്രസ് നേതാവ് ഭൂപിന്ദർ ഹൂഡയുടെ വിമർശനത്തോട് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ.
അതേസമയം, രാജ്യസഭ സ്ഥാനാർത്ഥിയായി ജെബി മേത്തറിനെ തീരുമാനിച്ചതിനെ കെ മുരളീധരൻ സ്വാഗതം ചെയ്തു. രാജ്യസഭ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഹൈക്കമാന്‍റ് എടുത്തത് ഉചിതമായ തീരുമാനമാണെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. കെ പി സി സി അധ്യക്ഷൻ ആരുടയും പേര് മുൻകൂട്ടി നൽകിയിരുന്നില്ല. ഹൈക്കമാൻഡിന് അയച്ച കത്തിൽ താൻ രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അത് രണ്ടും പരിഗണിക്കപ്പെട്ടുവെന്ന് മുരളീധരൻ പറഞ്ഞു. കഴിഞ്ഞ തവണ മത്സരിപ്പിച്ച വരെ ഒഴിവാക്കണം, കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള ആളാകണം എന്നുമായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ന്യൂനപക്ഷം, ചെറുപ്പം, വനിത എന്നീ മൂന്ന് ഘടകങ്ങളും ഹൈക്കമാൻഡ് പരിഗണിച്ചുവെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസ് സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട കാലഘട്ടമാണിത്. തെറ്റുകൾ ചൂണ്ടികാണിക്കാം, പക്ഷേ കപിൽ സിബിലിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭയിലേക്ക് അയക്കണ്ടെന്ന് കെ മുരളീധരൻ
രാജ്യസഭ തെരഞ്ഞെടുപ്പിൽ സമീപകാല തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കരുതെന്നായിരുന്നു കെ മുരളീധരന്‍റെ അഭിപ്രായം. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് മുരളീധരൻ കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റവർ ആ മണ്ഡലങ്ങളിൽ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരൻ പറഞ്ഞത്. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികൾ എഐസിസിക്കും കത്തയച്ചിരുന്നു.
കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ എം ലിജുവിനെ കൊണ്ടുവരണമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആഗ്രഹിക്കുന്നത്. സീറ്റാവശ്യവുമായി ദില്ലിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുമായി സുധാകരൻ കൂടിക്കാഴ്ചയും നടത്തിയിരുന്നു. എം ലിജുവും രാഹുലുമൊത്തുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്ന് സുധാകരൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിയെ കണ്ടത് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടാണെന്ന് എം ലിജുവും വ്യക്തമാക്കിയിരുന്നു. രാജ്യസഭാ സീറ്റിൽ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് ലിജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam