ഒലപ്പാമ്പ് കാട്ടി ഭയപ്പെടുത്തരുത്, മന്ത്രിമാരുടെ പേര് വെളിപ്പെടുത്തണം; എ.കെ ബാലനെ വെല്ലുവിളിച്ച് കെ.സി ജോസഫ്

Published : Oct 11, 2022, 10:24 AM IST
ഒലപ്പാമ്പ് കാട്ടി ഭയപ്പെടുത്തരുത്, മന്ത്രിമാരുടെ പേര് വെളിപ്പെടുത്തണം; എ.കെ ബാലനെ വെല്ലുവിളിച്ച് കെ.സി ജോസഫ്

Synopsis

മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും വിദേശ യാത്ര സംബന്ധിച്ച് ഉണ്ടായ വിമർശനങ്ങൾ ശരിയാണെന്ന് ബോധ്യമായതു കൊണ്ടാവാം ബാലൻ പ്രത്യാരോപണങ്ങളുമായി ആ യാത്രയെ ന്യായീകരിക്കാൻ ശ്രമിക്കുന്നതെന്ന് കെസി ജോസഫ് പരിഹസിച്ചു. 

കോട്ടയം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയിരുന്നു എന്നും ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നുവെന്നുമുള്ള സിപിഎം നേതാവ് എകെ ബാലന്‍റെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്.  ഓലപ്പാമ്പിനെക്കാട്ടി ആരെയും ഭയപ്പെടുത്താൻ നോക്കേണ്ട, ഭാര്യമാരെ കൂട്ടി വിദേശ യാത്ര പോയ മന്ത്രിമാരെക്കുറിച്ച് വെളിപ്പെടുത്താന്‍ എകെ ബാലനെ വെല്ലുവിളിക്കുകയാണെന്ന് കെസി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും മന്ത്രിതലസംഘത്തിന്റെയും യുറോപ്യൻ പര്യടനം സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് മുൻ മന്ത്രി എ കെ ബാലൻ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ഒരു മന്ത്രി ഇരുപത്തിമൂന്ന് തവണയും മറ്റൊരു മന്ത്രി പതിനാറു തവണയും വിദേശയാത്ര നടത്തിയെന്നും അതിൽ പന്ത്രണ്ട് തവണയും ഭാര്യമാർ  കൂടെ ഉണ്ടായിരുന്നു എന്നും ആരോപിച്ചത്. ഈ ആരോപണത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് മുൻ മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു. 

ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സർക്കാർ ചെലവിൽ ഏതെല്ലാം മന്ത്രിമാർ എത്ര തവണ വിദേശയാത്ര നടത്തിയതെന്നും അവർ ഏതെല്ലാം തീയതികളിൽ ഏതെല്ലാം രാജ്യങ്ങളിലാണ് പോയതെന്നും ഏതെല്ലാം യാത്രകളിൽ ഭാര്യമാർ കൂടെയുണ്ടായിരുന്നു എന്നുമുള്ള കാര്യം ബാലന്‍ വ്യക്തമാക്കണം. ഓലപ്പാമ്പിനെക്കാട്ടി ആരെയും ഭയപ്പെടുത്താൻ ബാലൻ നോക്കേണ്ട. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും വിദേശ യാത്ര സംബന്ധിച്ച് ഉണ്ടായ വിമർശനങ്ങൾ ശരിയാണെന്ന് ബോധ്യമായതു കൊണ്ടാവാം ബാലൻ പ്രത്യാരോപണങ്ങളുമായി ആ യാത്രയെ ന്യായീകരിക്കാൻ ശ്രമിക്കുന്നതെന്ന് കെസി ജോസഫ് പരിഹസിച്ചു. 

ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പ്രവാസികാര്യത്തിന്റെ  കൂടി ചുമതല ഉണ്ടായിരുന്ന മന്ത്രിയായിരുന്നു കെ സി ജോസഫ്. എകെ  ബാലന്റെ വെല്ലുവിളി സ്വീകരിക്കുകയാണെന്നും ബാലന്റെ ഒരു ഔദാര്യവും തങ്ങൾക്ക് വേണ്ടയെന്നും കെ സി ജോസഫ് പറഞ്ഞു. ഒന്നുകിൽ ബാലന്‍ ആരോപണത്തില്‍ പറഞ്ഞതിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തണം. അതല്ലെങ്കിൽ തന്റെ  പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പു പറയാൻ   തയ്യാറാകണമെന്നും  കെ സി ജോസഫ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ് സന്ദര്‍ശനത്തില്‍ കുടുംബാഗങ്ങളെ കൂടെ കൂട്ടിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന് കെ സുധാകരനുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതോടെയാണ് എകെ ബാലന്‍ യാത്രയെ പിന്തണച്ചെത്തിയത്. മന്ത്രിമാര്‍ വിദേശ യാത്ര നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സി പി  എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ എ കെ ബാലന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയിരുന്നു എന്നും ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നു എന്നും ബാലന്‍ ആരോപിച്ചിരുന്നു.

Read More :  വിവാദങ്ങൾക്കിടെ യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങുന്നു, നാളെ കേരളത്തിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണം; ദുരൂഹത തുടരുന്നു, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു
പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി, ആറ് ട്രെയിനുകൾ വൈകിയോടുന്നു