
പത്തനംതിട്ട: പിഎസ്‍സി ചെയർമാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്ന് കേരള ഗവർണറായിരുന്ന രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ ചെയ്തതിനെ പിന്തുണച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ. പരിപാവനമായി കരുതേണ്ട പിഎസ്‍സി ചെയർമാൻ സ്ഥാനവും അംഗത്വവും കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല പോലെ അവർ കൈകാര്യം ചെയ്തെന്ന് പി ജെ കുര്യൻ വിമർശിച്ചു. ഈ അസാധാരണ സാഹചര്യത്തിൽ ഭരണഘടനയുടെ 317 ാം വകുപ്പ് അനുസരിച്ചുള്ള അസാധാരണ നടപടിയ്ക്ക് ഗവർണർ തയ്യാറായത് നീതീകരിക്കാവുന്നതാണെന്ന് പി ജെ കുര്യൻ അഭിപ്രായപ്പെട്ടു. എന്നാൽ ഭരണഘടനയുടെ 163ാം വകുപ്പ് അനുശാസിക്കുന്ന തരത്തിലുള്ള മന്ത്രിസഭയുടെ പിന്തുണ ഇല്ലാതെ ഗവർണർ എടുത്ത ഈ നടപടി ഭരണഘടനാനുസൃതം അല്ലെന്ന വാദവും പ്രസക്തമാണ്. ഈ സാഹചര്യത്തിൽ പിഎസ്‍സി നിയമനത്തിൽ നടന്ന അഴിമതിയുടെയും അട്ടിമറിയുടെയും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയർമാനും കളങ്കിത മെമ്പർമാരും സ്വയം രാജി വയ്ക്കണമെന്ന് പി ജെ കുര്യൻ അഭിപ്രായപ്പെട്ടു.
അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി
നമ്മുടെ പബ്ലിക് സർവീസ് കമ്മീഷൻ അഴിമതിയുടെ പര്യായമായി മാറുകയും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളോട് വഞ്ചന കാട്ടുകയും ചെയ്തുവെന്നത് അസാധാണരവും ഞെട്ടിപ്പിക്കുന്നതുമായ വസ്തുതയാണ്. പരിപാവനമായി കരുതേണ്ട പിഎസ്‍സി ചെയർമാൻ സ്ഥാനവും അംഗത്വവും കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല പോലെ അവർ കൈകാര്യം ചെയ്തു എന്നുവേണം കരുതുവാൻ. ഈ അസാധാരണ സാഹചര്യത്തിൽ ഭരണഘടനയുടെ 317-)0 വകുപ്പ് അനുസരിച്ചുള്ള അസാധാരണ നടപടിയ്ക്ക് ഗവർണർ തയ്യാറായത് നീതികരിക്കാവുന്നതാണ്. എന്നാൽ ഭരണഘടനയുടെ 163ാം വകുപ്പ് അനുശാസിക്കുന്ന തരത്തിലുള്ള മന്ത്രിസഭയുടെ പിന്തുണ ഇല്ലാതെ ഗവർണർ എടുത്ത ഈ നടപടി ഭരണഘടനാനുസൃതം അല്ലെന്ന വാദം പ്രസക്തമാണ്. ഗവർണറുടെ ശുപാർശ ബഹുമാനപ്പെട്ട രാഷ്ട്രപതി സുപ്രീം കോടതിയ്ക്ക് റെഫർ ചെയ്യുകയാണെങ്കിൽ (ശുപാർശയുടെ ഭരണഘടനാ പോരായ്മയുടെ പേരിൽ ശുപാർശ പെൻഡിങ് വയ്ക്കാനോ തിരിച്ചയയ്ക്കാനോ രാഷ്ട്രപതിയ്ക്ക് കഴിയും) ശുപാർശയിലെ ഭരണഘടനാപരമായ ഈ പോരായ്മ ചൂണ്ടിക്കാട്ടി എതിർ കക്ഷികൾക്ക് സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്. അവസാനം വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചും ഗവർണറുടെ ശുപാർശയെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയതിനും ശേഷം മാത്രമേ സുപ്രീം കോടതി അന്തിമ തീരുമാനം പ്രസ്താവിക്കുകയുള്ളൂ. അപ്പോഴേക്കും പിഎസ്‍സി ചെയർമാന്റെയും മെമ്പർമാരുടെയും കാലാവധി കഴിഞ്ഞിരിക്കും. അങ്ങനെ ഗവർണറുടെ ശുപാർശ ഫലശൂന്യമാകും. ഈ പ്രത്യേക സാഹചര്യത്തിൽ പിഎസ്‍സി നിയമനത്തിൽ നടന്ന അഴിമതിയുടെയും അട്ടിമറിയുടെയും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു ചെയർമാനും കളങ്കിത മെമ്പർമാരും സ്വയം രാജി വയ്ക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്യുന്നതായിരിക്കും. അവർക്കും പിഎസ്‍സിയ്ക്കും നാടിനും ഗുണകരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam