കൊഴിഞ്ഞ് പോക്ക് തുടരുന്നു, പി വി ബാലചന്ദ്രൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചു; സിപിഎമ്മിൽ ചേർന്നേക്കും

By Web TeamFirst Published Oct 5, 2021, 12:25 PM IST
Highlights

2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുതലാണ് പി വി ബാലചന്ദ്രൻ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായത്. കൽപ്പറ്റയിൽ വയനാട് ജില്ലയ്ക്ക് പുറത്തുള്ള ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കിയതും ബാലചന്ദ്രനെ ചൊടിപ്പിച്ചു

വയനാട്: കെപിസിസി നിർവാഹക സമിതി അംഗവും വയനാട് മുൻ ഡിസിസി (DCC) പ്രസിഡൻ്റുമായ പി വി ബാലചന്ദ്രൻ (P V Balachandran) കോൺഗ്രസിൽ (Congress) നിന്ന് രാജിവെച്ചു. കോൺഗ്രസിൻ്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ പരാജയപ്പെട്ടതോടെ അണികൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്നാണ് പി വി ബാലചന്ദ്രൻ്റെ കുറ്റപ്പെടുത്തൽ. ഭാവി തീരുമാനം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. സിപിഎം പ്രവേശനം തള്ളുന്നില്ലെന്നും ബാലചന്ദ്രൻ വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം നേതൃത്വവുമായി ബാലചന്ദ്രൻ ചർച്ച നടത്തിയെന്നാണ് സൂചന.

2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുതലാണ് പി വി ബാലചന്ദ്രൻ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായത്. കൽപ്പറ്റയിൽ വയനാട് ജില്ലയ്ക്ക് പുറത്തുള്ള ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കിയതും ബാലചന്ദ്രനെ ചൊടിപ്പിച്ചു. ഏറ്റവും ഒടുവിൽ ബത്തേരി അർബൻ സഹകരണ ബാങ്കിലെ കൈക്കൂലി വിവാദത്തിൽ ബാലചന്ദ്രനെതിരെയുള്ള ഡിസിസി അന്വേഷണ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ നേതൃത്വത്തിനെതിരെ കടന്നാക്രമിച്ച് രംഗത്തെത്തി. ഐസി ബാലകൃഷ്ണൻ എംഎൽഎ ബാങ്ക് നിയമനങ്ങളിൽ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും പിണറായി വിജയൻ മികച്ച നേതാവാണെന്നും ബാലചന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കെഎസ്‍യു മുതൽ തുടങ്ങിയ 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് പി വി ബാലചന്ദ്രൻ അവസാനിപ്പിച്ചത്. ഭാവി തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.

click me!