Latest Videos

'ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം'; വി ടി ബല്‍റാമിനെതിരെ പി ജെ കുര്യന്‍

By Web TeamFirst Published Mar 4, 2021, 6:32 PM IST
Highlights

സര്‍ക്കാര്‍ ഭൂമി  നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്.  എന്നാല്‍ ശ്രീഎമ്മിനെ ‘ആള്‍ ദൈവമെന്നും ആര്‍എസ്എസ്  സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത്  ശ്രീ എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം  വേദന  ഉണ്ടാക്കുന്നതാണ്- പിജെ കുര്യന്‍ വിമര്‍ശിച്ചു.  

കൊച്ചി: തിരുവനന്തപുരത്ത് യോഗ സെന്‍റര്‍ നിര്‍മ്മിക്കാനായി യോഗാചാര്യന്‍ ശ്രീ എമ്മിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി അനുവദിച്ച് സംബന്ധിച്ച് വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. ശ്രി എമ്മിനെ ആര്‍എസ് എസ് സഹയാത്രികനെന്നും ആള്‍ ദൈവമെന്നും വിശേഷിപ്പിച്ച എംഎല്‍എയുടെ വാക്കുകള്‍ അദ്ദേഹത്തെ അറിയുന്ന എല്ലാവരെയും വേദനിപ്പിക്കുമെന്ന് പിജെ കുര്യന്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് പിജെ കുര്യന്‍ ബല്‍റാമിനെതിരെ രംഗത്ത് വന്നത്. ആരെങ്കിലും യോഗ സെന്‍ററോ മറ്റേതെങ്കിലും സ്വകാര്യ സംരംഭമോ തുടങ്ങാനെന്ന പേരിൽ ഒരപേക്ഷയുമായി വന്നാൽ ചുമ്മാതങ്ങ് നൽകാനുള്ളതാണോ സർക്കാർ വക ഭൂമിയെന്നും യോഗ ഗുരുവിൽ നിന്ന് ആൾദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആർഎസ്എസ് സഹയാത്രികന് ഭൂമി നല്‍കുന്നത് ശരിയല്ലെന്നുമായിരുന്നു ബല്‍റാമിന്‍റെ വിമര്‍ശനം.  പോകുന്ന പോക്കിൽ കടുംവെട്ടും ആർഎസ്എസ് പ്രീണനമാണ് പിണറായി വിജയൻറെ ഇരട്ട ലക്ഷ്യം, ഇതെന്തൊരു നെറികെട്ട സർക്കാരാണ് എന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ പോസ്റ്റ് വൈറലായതോടെയാണ് പിജെ കുര്യന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.   സംസ്ഥാന ഗവണ്മെന്‍റ്  ശ്രീ എമ്മിന്  യോഗ സെന്‍റര്‍ തുടങ്ങാന്‍  സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള  വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്‍റെ ഒരു സുഹൃത്ത് വാട്സ് ആപ്പില്‍  തന്നത് വായിച്ചു.  സര്‍ക്കാര്‍ ഭൂമി  നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്.  അതിനെ ഞാന്‍ ചോദ്യം  ചെയ്യുന്നില്ല.  എന്നാല്‍ ശ്രീഎമ്മിനെ ‘ആള്‍ ദൈവമെന്നും ആര്‍എസ്എസ്  സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത്  ശ്രീ എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം  വേദന  ഉണ്ടാക്കുന്നതാണ്- പിജെ കുര്യന്‍ വിമര്‍ശിച്ചു.  

എനിക്ക് ശ്രീ എമ്മുമായി നല്ല പരിചയമുണ്ട്.  ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ്‌ അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം   സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം  എന്‍റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്.  അദ്ദേഹത്തിന്‍റെ എകതായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്.  അദ്ദേഹം  ആള്‍ ദൈവവുമല്ല, ആര്‍എസ്എസ്സും അല്ല.  എല്ലാ  മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും  ഭാരതീയ സംസ്കാരത്തോട്  ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആര്‍എസ്എസ് ആകുമോ ?- പിജെ കുര്യന്‍ ചോദിച്ചു. 

ആധ്യാത്മിക  പ്രഭാഷണം നടത്തുകയും ആധ്യാത്മിക  ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട്  ഒരാള്‍  ആള്‍ ദൈവം ആകുമോ? ഒരു എംഎല്‍എ ആയ  ശ്രീ. ബല്‍റാം  മറ്റുള്ളവരെ വിധിക്കുന്നതില്‍  കുറേക്കൂടി  വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ. എമ്മിനെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍  ബല്‍റാം തിരുത്തുമെന്ന്  ഞാന്‍  പ്രതീക്ഷിക്കുന്നു.  അത്തരമൊരു  നടപടി ശ്രീ എമ്മിന്‍റെ  ആയിരക്കണക്കിന്  ആരാധകരുടെ  ഹൃദയത്തിലെ  മുറിവ്‌  ഉണക്കാന്‍  ആവശ്യമാണ്. ഞാന്‍  ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ  എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൌനിക്കുന്നില്ല- പിജെ കുര്യന്‍ വ്യക്തമാക്കി.
 

click me!